തിരുവനന്തപുരം: ഓണമെന്നാൽ മലയാളിയുടെ മനസിൽ ആദ്യം ഓടിയെത്തുന്നത് സദ്യയാണ് . നല്ല നാടൻ വാഴയിലയിൽ തൊടുകറികളും തുമ്പപ്പൂ ചോറും പഴവും പപ്പടവുമൊക്കെ വിളമ്പുമ്പോൾ തന്നെ നാവിൽ രുചിയൂറും. തൊടുകറികൾ നൂറ്റിയെട്ട് ഉണ്ടെങ്കിലും സദ്യ കെങ്കേമമാകണമെങ്കിൽ മലയാളിക്ക് ഇല തന്നെ വേണം, അതും നല്ല തൂശനില. പക്ഷെ ഇത്തവണ മലയാളിയുടെ കൈ പൊളളുന്ന വിലയാണ് വാഴയിലയ്‌ക്ക്.
വാഴകൃഷിയും മലയാളിയുടെ കൃഷിയിടങ്ങളിൽ നിന്ന് പടിയിറങ്ങിയതോടെ ഓണക്കാലത്ത് വാഴയിലയ്‌ക്ക് കടകളിൽ വലിയ ഡിമാന്റാണ്. ഓണത്തിന് വാഴയിലയുടെ വില കേട്ടാൽ വാഴ വച്ചാൽ മതിയായിരുന്നുവെന്ന് മലയാളി ചിന്തിച്ചാലും അതിശയിക്കാനില്ല.
നാടൻ ഇല കിട്ടാതായതോടെ കൂടുതലും തമിഴ്‌നാട്ടിൽ നിന്നുള്ള ഇലകളാണ് ഓണക്കാലത്ത് വിപണിയിലെത്തുന്നത്. കേരളത്തിലെ ഓണവിപണി തമിഴ്‌നാട്ടിലെ വാഴകർഷകർക്ക് ഒരു പ്രധാന വരുമാനമാർഗവുമാണ്.
ഹോട്ടലുകളും കാറ്ററിങ് യൂണിറ്റുകളും ഓണസദ്യ ഏറ്റെടുത്തതോടെ ഇലകളുടെ ഡിമാന്റും ഉയർന്നിട്ടുണ്ട്. ഇതാണ് വില ഉയരാനുളള ഒരു കാരണം. വീടുകളിൽ ഓണ ദിവസങ്ങളിൽ സദ്യ വിളമ്പാൻ പത്തും ഇരുപതും ഇരുപത്തിയഞ്ചും ഇലകളായി വാങ്ങിക്കൊണ്ടുപോകുന്നവരും ഇത്തവണ കൂടുതലാണെന്ന് കച്ചവടക്കാർ പറയുന്നു.
ഓണസദ്യയ്‌ക്കായി ഇല വാങ്ങാൻ വരുന്നവർക്ക് കേടായതും കീറിയതുമായ ഇലകൾ മാറ്റി നല്ലത് മാത്രം തിരഞ്ഞാണ് കൊടുക്കുന്നത്. അതുകൊണ്ടാണ് എട്ട് രൂപ വരെ ഈടാക്കുന്നത്. സാധാരണ ഇലകളാണെങ്കിൽ അത്രയും വില വരില്ലെന്നും കച്ചവടക്കാർ പറയുന്നു. ഉത്രാടപ്പാച്ചിലിലാണ് ഏറ്റവും കൂടുതൽ കച്ചവടം. തിരുവോണദിനം ഉച്ചവരെയും പിറ്റേന്നും അത് തുടരും.
തെക്കൻ കേരളത്തിലെ വിപണികളിൽ കേരളത്തിൽ കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിന്നാണ് വാഴയില കൂടുതലായി വരുന്നത്. തമിഴ്‌നാട്ടിൽ തൂത്തുക്കുടി, കോയമ്പത്തൂർ, തേനി എന്നിവിടങ്ങളിൽ നിന്നും കർണാടക അതിർത്തിയിൽ സത്യമംഗലത്ത് നിന്നും ഇലകളെത്തുന്നുണ്ട്.















