പത്തനംതിട്ട: ചരിത്രപ്രസിദ്ധമായ ആറന്മുള സദ്യയും വള്ളംകളിയുമെല്ലാം നമുക്ക് പരിചിതമാണെങ്കിലും അപരിചിതമായ പല വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും അവശേഷിപ്പുകൾ ആറന്മുളയിൽ ഇപ്പോഴുമുണ്ട്. തിരുവോണനാളിൽ ഉണ്ണാവ്രതം അനുഷ്ഠിക്കുന്ന മൂന്നില്ലങ്ങളെപ്പറ്റി അധികമാരും കേട്ടിട്ടില്ല. ഏതോ കാലത്ത് അബദ്ധത്തിൽ പറ്റിപോയ തെറ്റിന് പ്രായശ്ചിത്തമെന്നോണമാണ് ഇല്ലത്തെ കാരണവന്മാർ ഉണ്ണാവ്രതം അനുഷ്ഠിക്കുന്നത്. നൂറ്റാണ്ടുകൾക്ക് ശേഷവും തലമുറകൾ ഏറ്റുവാങ്ങി ആചാരം തുടർന്ന് പോരുകയാണ്.
ആചാരം എന്ന് തുടങ്ങിയെന്ന് ആർക്കുമറിയില്ല. നൂറ്റാണ്ടുകൾക്ക് മുൻപ് ആറന്മുള ദേവസ്വം വഴിയായിരുന്നു ദേശത്തെ വയലുകൾ. നൂറ്റാണ്ടുകൾക്ക് മുൻപ് നെല്ലുതേടി വന്ന ഒരു സാധു സ്ത്രീ ആരും കാണാതെ പെരുമഴയത്ത് നെല്ലു കാത്ത് നിന്ന് ഒരു മഠത്തിനുമുന്നിൽ പട്ടിണി കാരണം മരിച്ചുവീണു. അതിനുള്ള പ്രായശ്ചിത്തമാണ് തിരുവോണനാളിലെ ഉണ്ണാവ്രതം. ആറന്മുളയിലെ പൂത്തേടത്തില്ലത്ത് അക്കീരമൺ രാധാകൃഷ്‌ണൻ മൂസേത്ത് ഉണ്ണാവ്രതം ആചരിക്കാൻ തുടങ്ങിയിട്ട് 20 വർഷമായി. തെക്കേടത്തില്ലത്ത് നാരായണൻ മൂസേത്ത് മൂന്ന് വർഷവും.
പഴയ പത്തുമഠങ്ങൾ ഇന്നില്ല. എന്നാൽ മംഗലപ്പള്ളി അടക്കം മൂന്ന് കുടുംബങ്ങളാണ് ഉണ്ണാവ്രതം അനുഷ്ഠിക്കുന്നത്. അത്താഴപൂജ കഴിഞ്ഞ് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിവേദിക്കുന്ന ഇളനീരോ പഴമോ കഴിച്ചാണ് തിരുവോണനാളിലെ ഉണ്ണാവ്രതം അവസാനിപ്പിക്കുന്നത്.
ആറന്മുള കണ്ണങ്ങാട്ട് മഠത്തിലെ ആൽത്തറയിലെ കൽക്കെട്ടിൽ നെല്ലുതേടിവന്ന സ്ത്രീയുടെ രൂപം കൊത്തിയിട്ടുണ്ട്. കാലമേറെയായിട്ടും തലമുറകൾ കൈമാറി ഉണ്ണാവ്രതം ഈ തിരുവോണനാളിലും തുടർന്ന് പോരുന്നു.