കൊച്ചി: ഭക്തരുടെ മനസും വയറും നിറച്ച് തൃക്കാക്കരയപ്പന്റെ ഓണസദ്യ. രാവിലെ ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് ശേഷം രാവിലെ 11 മണിയോടെയാണ് സദ്യ തുടങ്ങിയത്. രാവിലെ മഹാബലിയെ എതിരേൽക്കുന്ന ചടങ്ങുകൾക്ക് ശേഷം ശ്രീബലി നടന്നു. ഇതിന് ശേഷമാണ് സദ്യ വിളമ്പി തുടങ്ങിയത്.
ആദ്യം ഒരു തൂശനിലയിൽ ഭഗവാന് സദ്യവട്ടങ്ങൾ വിളമ്പിയ ശേഷമായിരുന്നു ഭക്തർക്കായി തയ്യാറാക്കിയിരുന്ന ഇലകളിലേക്ക് വിഭവങ്ങൾ വിളമ്പിയത്. കാൽലക്ഷം പേരായിരുന്നു കഴിഞ്ഞ തവണ ഭഗവാന്റെ തിരുവോണ സദ്യ ഉണ്ടത്. ഇക്കുറി ഇതിലും അധികം ആളുകളെ പ്രതീക്ഷിക്കുന്നുണ്ടെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.
ഇന്നലെ നടന്ന ഉത്രാടസദ്യയിലും വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. തമിഴ്‌നാട്ടിൽ നിന്നു വരെ ഭക്തർ ഇക്കുറി തൃക്കാക്കരയിൽ എത്തിയിട്ടുണ്ടെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. തിരുവോണ ദിനം രാവിലെ ആറ് മണിയോടെ തന്നെ ക്ഷേത്രത്തിൽ തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. മന്ത്രി പി രാജീവ് ആണ് പൊതുജനങ്ങൾക്കുളള സദ്യ വിളമ്പി ഉദ്ഘാടനം ചെയ്തത്. ബെന്നി ബഹനാൻ എംഎൽഎ, ബിജെപി നേതാവ് എഎൻ രാധാകൃഷ്ണൻ തുടങ്ങിയവരുൾപ്പെടെയുളളവർ രാവിലെ ചടങ്ങുകളിൽ പങ്കെടുക്കാനും സദ്യയിൽ പങ്കുകൊളളാനും ക്ഷേത്രത്തിലെത്തിയിരുന്നു.
1500 ഓളം പേർക്ക് ഒരേസമയം ഇരുന്ന് കഴിക്കാവുന്ന തരത്തിലുളള പന്തലും ഇരിപ്പിടങ്ങളുമാണ് ക്രമീകരിച്ചത്. വൈകിട്ട് 4.30 വരെ സദ്യ വിളമ്പുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞ വർഷം ഭക്തരുടെ തിരക്ക് മൂലം വൈകിട്ട് അഞ്ചര വരെ സദ്യ നൽകിയിരുന്നു. ക്ഷേത്രത്തിൽ പത്ത് ദിവസമായി നടക്കുന്ന ഉത്സവത്തിന്റെ സമാപനം കൂടിയാണ് ഇന്ന്.















