പട്ന: ബിഹാറിൽ മദ്യനിരോധനം എടുത്തുകളയുമെന്ന് പ്രഖ്യാപിച്ച് ജൻ സുരാജ് പാർട്ടി അദ്ധ്യക്ഷൻ പ്രശാന്ത് കിഷോർ. രാഷ്‌ട്രീയ തന്ത്രജ്ഞനിൽ നിന്ന് രാഷ്‌ട്രീയക്കാരനായി മാറിയ പ്രശാന്ത് കിഷോർ ഒക്ടോബർ രണ്ടിന് പാർട്ടിയുടെ സ്ഥാപകദിന വാർഷികം ആഘോഷിക്കുന്നതിന് മുന്നോടിയായിട്ടാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. തെരഞ്ഞെടുപ്പിൽ വിജയിക്കുകയാണെങ്കിൽ അധികാരത്തിലെത്തി ഒരു മണിക്കൂറിനുള്ളിൽ മദ്യനിരോധനം പിൻവലിക്കുമെന്ന് പ്രശാന്ത് കിഷോർ അറിയിച്ചു.
സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന മദ്യനിരോധനം കാരണം പ്രതിവർഷം 20,000 കോടി രൂപയുടെ നഷ്ടമാണുണ്ടാകുന്നത്. നിയമവിരുദ്ധമായി മദ്യം വിറ്റ് മദ്യമാഫിയകൾ പണം കൊയ്യുകയാണെന്നും പ്രശാന്ത് കിഷോർ ആരോപിച്ചു. സ്ത്രീകളുടെ വോട്ട് തനിക്ക് കിട്ടിയാലും ഇല്ലെങ്കിലും മദ്യനിരോധനം പിൻവലിക്കണമെന്ന് വാദിക്കാൻ തനിക്ക് മടിയില്ല. കാരണം ബിഹാറിന്റെ താത്പര്യമാണ് തനിക്ക് വലുതെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.
സംസ്ഥാനത്തെ സ്ത്രീകളുടെ ആവശ്യത്തിന്റെ ഭാഗമായിട്ടായിരുന്നു നിതീഷ് കുമാർ സർക്കാർ മദ്യം നിരോധിച്ചത്. മദ്യപാനികളായ ഭർത്താക്കന്മാരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ മദ്യനിരോധനം മാത്രമാണ് വഴിയെന്ന് വിശ്വസിച്ചിരുന്ന സ്ത്രീകൾ വലിയ പ്രതിഷേധം നടത്തിയിരുന്നതിന്റെ ഭാഗമായിട്ടായിരുന്നു ബിഹാറിൽ മദ്യവിൽപന വിലക്കിയത്.