സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള സെലിബ്രിറ്റി ഫാമിലിയാണ് ‘കൃഷ്ണ’കുടുംബത്തിന്റേത്. നടൻ കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരും യൂട്യൂബേഴ്സ് കൂടിയായതിനാൽ കുടുംബത്തിലെ ഓരോ അംഗങ്ങൾക്കും പ്രത്യേക ഫാൻബേസ് തന്നെയുണ്ട്. ഓരോ ഓണത്തിനും കുടുംബം ഒന്നിച്ച് ഫോട്ടോ ഷൂട്ട് നടത്തുന്നതും പതിവാണ്. എന്നാൽ മുൻവർഷങ്ങളിലെ ഓണാഘോഷങ്ങളിൽ നിന്ന് വിഭിന്നമായി ഏറ്റവും ലളിതമായ വേഷവിധാരണത്തിലാണ് ഇത്തവണ കൃഷ്ണകുടുംബം എത്തിയത്.
ഓരോ ഓണം ഷൂട്ടുകൾക്കും ഹെവി ആഭരണങ്ങളും മെയ്‌ക്കപ്പും വസ്ത്രങ്ങളുമണിഞ്ഞെത്തുന്ന കൃഷ്ണ സഹോദരിമാർ ഇപ്രാവശ്യം ശാലീന സുന്ദരികളായി തനിനാടൻ മലയാളി പെൺകുട്ടികളായാണ് പ്രത്യക്ഷപ്പെട്ടത്. പരമ്പരാഗതമായി കണ്ടുവരുന്ന പുളിയിലക്കരമുണ്ടാണ് എല്ലാവരും പുടവയായി അണിഞ്ഞിരുന്നത്. കനകാംബരവും മുല്ലപ്പൂവും തുളസിയുമൊക്കെ കോർത്തിണക്കിയ പൂമാല തലയിൽ ചൂടി, കരിവളകളും കുപ്പിവളകളും അണിഞ്ഞ്, അഹാനയും സഹോദരിമാരും ഇത്തവണത്തെ ഓണവും വ്യത്യസ്തത കൊണ്ട് കളറാക്കി.
View this post on Instagram
അഹാനയണിഞ്ഞത് കറുപ്പ് പുളിയിലക്കര മുണ്ടായിരുന്നു. ഡിസൈൻ ചെയ്യാത്ത പ്ലെയിൻ ബ്ലാക്ക് ബ്ലൗസായിരുന്നു ഒപ്പമുണ്ടായിരുന്നത്. ഇതിന് മാച്ചിംഗ് ആയ കരിവളകളും കുഞ്ഞൻ കൊട്ടക്കമ്മലും കറുത്ത കല്ലുപതിച്ച സിംപിൾ മാലയും അഹാന അണിഞ്ഞിട്ടുണ്ട്. താരം നെറ്റിയിൽ തൊട്ട പൊട്ട് പോലും പഴയ കാലത്തെ ഓർമിപ്പിക്കുന്നതായിരുന്നു. മെറൂൺ നിറമുള്ള ഗോപി പൊട്ടായിരുന്നു അഹാന അണിഞ്ഞിരുന്നത്.
View this post on Instagram
വയാനാട് ദുരന്തമടക്കമുള്ള പല സംഭവങ്ങളും ഇത്തവണത്തെ ഓണത്തെ ബാധിച്ചതിനാൽ മലയാളി നേരിട്ട പ്രയാസങ്ങളുടെ പ്രതീകം കൂടിയായിട്ടായിരുന്നു അഹാനയും കുടുംബവം ഓണാഘോഷവും ലളിതമാക്കിയത്. ഇത്തവണ എല്ലാ മലയാളികൾക്കും വളരെ പ്രയാസമുള്ള ഓണമാണ്. ജീവിതം അങ്ങനെയാണെങ്കിലും പ്രതീക്ഷകൾ തേടി മുന്നോട്ടുപോകാൻ ശ്രമിച്ചല്ലേ മതിയാകൂ എന്നായിരുന്നു ഓണം ചിത്രങ്ങൾക്ക് അടിക്കുറിപ്പായി അഹാന എഴുതിയത്.