മലയാളികൾ ഏറ്റവും കൂടുതൽ ആസ്വദിച്ച സെലിബ്രിറ്റി വിവാഹങ്ങളിലൊന്നാണ് യൂട്യൂബർ ദിയ കൃഷ്ണയുടേത്. വിവാഹത്തോട് അനുബന്ധിച്ച് നടന്ന മെഹന്ദി, ഹൽദി, സംഗീത് ചടങ്ങുകളുടെ വീഡിയോകളും വിവാഹനാളിൽ ദിയയുടെ സഹോദരിമാർ അണിഞ്ഞ വസ്ത്രധാരണവുമെല്ലാം ഏറെ ശ്രദ്ധനേടിയിരുന്നു.
നാല് പെൺകുട്ടികളുള്ള കുടുംബത്തിൽ കൃഷ്ണകുമാറിന്റെ രണ്ടാമത്ത മകളായ ദിയയുടെ വിവാഹമായിരുന്നു ആദ്യം നടന്നത് എന്നുള്ളതും മലയാളികൾ ശ്രദ്ധയൂന്നിയ കാര്യമാണ്. ഓസി എന്ന് ചെല്ലപ്പേരിട്ട് വീട്ടുകാർ വിളിക്കുന്ന ദിയ കൃഷ്ണകുമാറിന്റെ വിവാഹം കെങ്കേമമായി നടന്നതുമുതൽ അടുത്ത കല്യാണപ്പെണ്ണ് ആരെന്നുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. അതിനുള്ള ഉത്തരമാണ് ഇപ്പോൾ അമ്മ സിന്ധുകൃഷ്ണ നൽകിയിരിക്കുന്നത്.
ദിയയുടെ വിവാഹം കഴിഞ്ഞ സ്ഥിതിക്ക് അടുത്തത് അമ്മു തന്നെയായിരിക്കുമെന്നാണ് സിന്ധുകൃഷ്ണ പറയുന്നത്. കൃഷ്ണകുമാറിന്റെ മൂത്തമകൾ അഹാനയുടെ ചെല്ലപ്പേരാണ് അമ്മു. അടുത്ത കല്യാണപ്പെണ്ണ് അമ്മു തന്നെയായിരിക്കുമെന്ന് ഉറപ്പിച്ചുപറയുകയാണ് സിന്ധു. എന്നാൽ അക്കാര്യം താൻ ഉറപ്പിച്ചിട്ടില്ലെന്നും കണ്ടറിയാമെന്നുമാണ് അഹാന പറയുന്നത്. കല്യാണം കഴിച്ച് ട്രെൻഡിംഗാവേണ്ടതില്ല, അല്ലാതെ തന്നെയാകാമല്ലോയെന്നും ചോദ്യകർത്താവായ മാദ്ധ്യമപ്രവർത്തകന് അഹാന മറുപടി നൽകി. കഴക്കൂട്ടം ഓ ബൈ താമര ഹോട്ടലിൽ ഓണസദ്യ കഴിക്കാൻ കൃഷ്ണകുമാറും കുടുംബവുമെത്തിയപ്പോൾ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് അഹാനയുടെ വിവാഹക്കാര്യം സിന്ധുകൃഷ്ണ പരാമർശിച്ചത്.