തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ചുള്ള ഈ വർഷത്തെ മദ്യവിൽപ്പനയിൽ കുറവ്. ഉത്രാടം വരെ ഒമ്പത് ദിവസങ്ങളിലായി നടന്ന മദ്യവിൽപ്പനയിൽ 701 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷത്തേക്കാൾ 14 കോടി രൂപയുടെ കുറവാണ് ഈ വർഷമുണ്ടായത്.
കഴിഞ്ഞ വർഷം ഇതേ ദിവസങ്ങളിൽ 715 കോടിയുടെ മദ്യമായിരുന്നു വിറ്റത്. ബാറുകളുടെ എണ്ണം 816 ആയി ഉയർന്നിട്ടും ഇക്കൊല്ലത്തെ മദ്യവിൽപ്പന കുറഞ്ഞിരിക്കുകയാണ്. യുവാക്കൾ മദ്യം ഉപേക്ഷിച്ച് രാസലഹരിയിലേക്ക് തിരിയുന്നതാണ് ഇതിന്റെ കാരണമെന്നും വിലയിരുത്തലുണ്ട്.
അതേസമയം, ഉത്രാടം നാളിലെ മദ്യവിൽപ്പന മുൻവർഷത്തേക്കാൾ കൂടിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ഉത്രാടദിന വിൽപ്പന 120 കോടിയായിരുന്നു. ഇത്തവണ 124 കോടിയുടെ വിൽപ്പനയാണ് നടന്നത്. ഇന്ന് ബെവ്കോ അവധിയാണ്. നാളെയും മറ്റന്നാളുമുള്ള കണക്കുകൾ കൂടി പരിശോധിച്ച ശേഷമാണ് അന്തിമ കണക്ക് തീരുമാനിക്കുന്നത്.















