മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ ചിത്രമായ ഒരു മറവത്തൂർ കനവിൽ മഞ്ജു വാര്യരെയാണ് നായികയായി തീരുമാനിച്ചിരുന്നതെന്ന് സംവിധായകൻ ലാൽ ജോസ്. ദിലീപുമായുള്ള തന്റെ സൗഹൃദമാണ് മഞ്ജു വാര്യർ ചിത്രത്തിൽ നിന്ന് പിന്മാറാൻ കാരണമെന്ന് ലാൽ ജോസ് പറഞ്ഞു. തന്റെ സിനിമാ ജീവിതത്തെ കുറിച്ച് സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ.
“ഒരു മറവത്തൂർ കനവിന്റെ കഥയും കഥാപാത്രങ്ങളൊക്കെ തീരുമാനിച്ചു. ആരൊക്കെ പ്രധാന വേഷങ്ങൾ ചെയ്യണമെന്ന് തീരുമാനിക്കുന്ന ഘട്ടമെത്തി. അങ്ങനെ മോഹിനിയും ബിജു മേനോനും ഭാര്യാ- ഭർത്താക്കന്മാരായും മുത്തശ്ശിയായി സുകുമാരിയെയും തീരുമാനിച്ചു. മുത്തശ്ശിയുടെ ചെറുമകളായി മഞ്ജു വാര്യരെയാണ് തീരുമാനിച്ചത്. മമ്മൂട്ടി ഉൾപ്പെടെയുള്ള എല്ലാ പ്രധാന കഥാപാത്രങ്ങളുടെയും കാസ്റ്റിംഗ് കഴിഞ്ഞു”.
“ചിത്രീകരണം തുടങ്ങാറായപ്പോൾ മഞ്ജു ഈ സിനിമയിൽ നിന്ന് മാറുന്നുവെന്ന് അറിയിച്ചു. ഇത് ചെയ്യാൻ താത്പര്യമില്ലെന്ന് മഞ്ജുവിന്റെ അച്ഛൻ വിളിച്ച് പറഞ്ഞു. ഞാനും ദിലീപുമായുള്ള സൗഹൃദമാണ് ഇതിന് കാരണമെന്നാണ് പിന്നീട് അദ്ദേഹം എന്നോട് പറഞ്ഞത്. ലൊക്കേഷനിൽ മഞ്ജു വന്നാൽ അവിടെ ദിലീപ് വരും. അത് ശരിയാകില്ല, ഞാൻ അതിനുള്ള അവസരങ്ങൾ ഉണ്ടാക്കി കൊടുക്കും എന്നൊക്കെയാണ് അദ്ദേഹം പറഞ്ഞത്”.
“മഞ്ജു മാറിയെന്ന് അറിഞ്ഞപ്പോൾ തന്നെ കൂടുതലൊന്നും ആലോചിക്കാതെ തന്നെ ദിവ്യ ഉണ്ണിയെ നായികയായിട്ട് കൊണ്ടുവരാൻ തീരുമാനിക്കുകയായിരുന്നു”- ലാൽജോസ് പറഞ്ഞു.