മകൻ ഇലൈയെ പരിചയപ്പെടുത്തി നടി അമല പോൾ. ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന ഫോട്ടോഷൂട്ടിലാണ് അമല മകന്റെ മുഖം വെളിപ്പെടുത്തിയത്. ബോട്ടിൽ ഭർത്താവ് ജഗദിനും മകനുമൊപ്പമിരിക്കുന്ന ചിത്രമാണ് അമല പങ്കുവച്ചത്. ആരാധകർക്ക് ഓണാശംസകൾ പങ്കുവെക്കുകയും ചെയ്തു.
പരമ്പരാഗത വസ്ത്രമണിഞ്ഞ് ഇരിക്കുന്ന കുടുംബത്തിന്റെ അതിമനോഹരമായ ചിത്രമാണ് അമല ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചുവപ്പ് കരയിലുള്ള ഗോൾഡൻ ഡിസൈനുകൾ വരുന്ന സാരിയാണ് അമലയുടെ വേഷം. അതേ നിറത്തിലുള്ള വസ്ത്രമാണ് ജഗദും രണ്ട് മാസം പ്രായമുള്ള കുഞ്ഞും ധരിച്ചിരിക്കുന്നത്.
ജൂലൈയിലാണ് അമല തന്റെ ആദ്യ കൺമണിയ്‌ക്ക് ജന്മം നൽകിയത്. പിന്നീട് പല വിശേഷങ്ങളും താരം പങ്കുവച്ചിരുന്നെങ്കിലും കുഞ്ഞിന്റെ ചിത്രങ്ങൾ പുറത്തുവിട്ടിരുന്നില്ല. കുഞ്ഞിന് രണ്ടുമാസം തികഞ്ഞത് അമലയും ജഗദും ആഘോഷമാക്കിയിരുന്നു. അതോടൊപ്പം പരസ്പരം കണ്ടുമുട്ടിയ ദിവസത്തിന്റെ വാർഷികവും ഇരുവരും ആഘോഷിച്ചു. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു ആഘോഷം.