തിരുവനന്തപുരം: സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് തിരുവോണ ദിവസം പട്ടിണി സമരം നടത്തി വാട്ടർ അതോറിറ്റിയിലെ കരാറുകാർ. ജല അതോറിറ്റി ആസ്ഥാനമായ വെള്ളയമ്പലം ജലഭവന് മുന്നിലായിരുന്നു സമരം. 5,000 കോടി രൂപയിലധികമാണ് സംസ്ഥാന ജല അതോറിറ്റി വിവിധ കരാറുകാർക്ക് കൊടുക്കാനുള്ള കുടിശ്ശിക.
ജലജീവൻ മിഷന്റെ വിവിധ ജോലികളിൽ മാത്രം 4,500 കോടി രൂപ കരാറുകാർക്ക് നൽകാനുണ്ട്. സ്റ്റേറ്റ് ബാങ്കിൽ 400 കോടിയും അറ്റക്കുറ്റ പണികൾ ചെയ്തതിൽ 200 കോടിയും ഇതുവരെ നൽകിയിട്ടില്ല.
പല തവണ സർക്കാരിന് നിവേദനങ്ങൾ നൽകിയിട്ടും പരിഹാര നടപടികൾ ഉണ്ടാകാത്തതോടെയാണ് തിരുവോണ ദിവസം സമരം ചെയ്യാൻ കരാറുകാർ തീരുമാനിച്ചത്. ഇലയിൽ മണ്ണ് വിളമ്പിയായിരുന്നു പ്രതിഷേധം. വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് സംഘടനയുടെ തീരുമാനം.
തിരുവോണ ദിവസം തന്നെ ഇങ്ങനെയൊരു സമരം കൊണ്ടുവന്നത് തങ്ങളുടെ ഗതികേട് കാരണമാണെന്ന് വാട്ടർ അതോറിറ്റി കരാറുകരുടെ സംഘടന ജനറൽ സെക്രട്ടറി എം സിദ്ധാർത്ഥൻ പ്രതികരിച്ചു. 200 കോടി രൂപ ഞങ്ങൾക്ക് കിട്ടാനുണ്ട്. 18 മാസത്തെ കുടിശ്ശിക കിട്ടണം. ധനകര്യമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയുമൊക്കെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഒരു ഉപയോഗവും ഉണ്ടായില്ല. 200 കോടി തരാനിരിക്കുമ്പോൾ തുച്ഛമായ തുകയാണ് സർക്കാർ നൽകുന്നത്. മന്ത്രി ഓഫീസിൽ കയറിയിറങ്ങിയിട്ടൊന്നും ഒരു നടപടിയുമില്ലെന്നും എം സിദ്ധാർത്ഥൻ പറഞ്ഞു.