മലപ്പുറം: നിപ സ്ഥിരീകരിച്ചതേടെ ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. നിപ ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിലുള്ളവരുടെ പഞ്ചായത്തുകളിൽ ജാഗ്രതാ നിർദേശം നൽകി. തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ അഞ്ച് വാർഡുകൾ കണ്ടെയ്മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവാലി പഞ്ചായത്തിലെ 4,5,6,7 വാർഡുകളും മാമ്പാട് പഞ്ചായത്തിലെ 7-ാം വാർഡുമാണ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചത്. ഈ സ്ഥലങ്ങളിൽ പ്രോട്ടോകോൾ പ്രകാരമുള്ള നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുമെന്ന് ജില്ലാ കളക്ടർ വി ആർ വിനോദ് അറിയിച്ചു.
ജില്ലയിൽ കഴിഞ്ഞയാഴ്ച മരിച്ച യുവാവിന്റെ മരണം നിപ ബാധിച്ചാണെന്ന് സ്ഥിരീകരിച്ചിരുന്നു. പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവായതിനെ തുടർന്ന് പൂനെ വൈറോളജി വൈറോളജി ഇൻസ്റ്റിട്യൂട്ടിലേക്ക് അയച്ചിരുന്ന സാമ്പിളിന്റെ ഫലവും പോസ്റ്റീവായതോടെയാണ് നിപ സ്ഥിരീകരിച്ചത്.
ജില്ലയിൽ ഇതുവരെ 151 പേർ സമ്പർക്കപ്പട്ടികയിലുണ്ട്. ഐസോലേഷനിൽ കഴിയുന്ന അഞ്ച് പേർക്ക് നേരിയ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയതിനാൽ ഇവരുടെ സാമ്പിളുകൾ പരിശോധനയ്‌ക്ക് അയച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.















