ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ വനിത ഡോക്ടറെ രോഗി കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതി. ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ തകഴി സ്വദേശി ഷൈജുവാണ് ശസ്ത്രക്രിയാ അത്യാഹിത വിഭാഗം ഹൗസ് സർജൻ ഡോ. അഞ്ജലിയെ മർദ്ദിച്ചത്. അക്രമി കൈ പിടിച്ചുതിരിച്ചുവെന്നാണ് പരാതി. യുവാവിന്റെ നെറ്റിയിലെ മുറിവ് ഡ്രസ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
മദ്യലഹരിയിലാണ് ഷൈജു ആശുപത്രിയിലെത്തിയത്. ഇയാളുടെ നെറ്റിയിൽ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. തുടർന്ന് മുറിവ് പരിശോധിച്ചശേഷം തുന്നലിടാൻ ശ്രമിക്കുന്നതിനിടെ ഡോക്ടറുടെ കൈപിടിച്ചു തിരിക്കുകയായിരുന്നു. ഡോക്ടർ ബഹളം വച്ചതോടെ ഇയാൾ മുറിയിൽ നിന്നുമിറങ്ങിയോടി.
ആശുപത്രിയിൽ പരിഭ്രാന്തി സൃഷ്ടിച്ച യുവാവിനെ ആശുപത്രി ജീവനക്കാർ ചേർന്നാണ് പിടിച്ചുമാറ്റിയത്. എന്നാൽ ഇതിനിടെ ജീവനക്കാരുടെ പിടിയിൽ നിന്ന് ഇയാൾ ഓടിരക്ഷപ്പെട്ടു. വനിതാ ഡോക്ടർ അമ്പലപ്പുഴ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.















