ഫ്‌ളോറിഡ: ഫ്‌ളോറിഡയിലെ ഗോള്‍ഫ് ക്ലബ്ബിന് സമീപമുണ്ടായ വെടിവയ്പ്പിനെ പിന്നാലെ താന്‍ സുരക്ഷിതനാണെന്ന് അനുയായികളെ അറിയിച്ച് ഡോണള്‍ഡ് ട്രംപ്. ഒരിക്കലും കീഴടങ്ങില്ലെന്നും താനിപ്പോള്‍ സുരക്ഷിത സ്ഥാനത്താണ് ഉള്ളതെന്നും അനുയായികള്‍ക്ക് അയച്ച ഇമെയില്‍ സന്ദേശത്തില്‍ അദ്ദേഹം വ്യക്തമാക്കി. ട്രംപ് ഗോള്‍ഫ് ക്ലബ്ബില്‍ കളിക്കാനായി എത്തിയ സമയത്താണ് ആക്രമണം ഉണ്ടായത്. സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ഇവിടെ വലിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടെയാണ് തോക്കുമായി എത്തിയ അക്രമി മതില്‍ക്കെട്ടിന് പുറത്ത് നിന്ന് അകത്തേക്ക് ഒന്നിലധികം തവണ വെടിയുതിര്‍ത്തത്.
” എന്റെ ഗോള്‍ഫ് ക്ലബ്ബിന്റെ സമീപപരിസരത്ത് വെടിവയ്പ് നടന്നിരുന്നു. ഈ സംഭവത്തെ കുറിച്ച് മറ്റേതെങ്കിലും തരത്തിലുള്ള കിംവദന്തികള്‍ പരക്കുന്നതിന് മുന്‍പ് ഞാന്‍ നിങ്ങളോട് ചില കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുകയാണ്. നിങ്ങള്‍ ഇത് അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ സുരക്ഷിതനാണ്, ഇപ്പോള്‍ സുഖമായിരിക്കുന്നു. ഒന്നിനും എന്റെ പ്രവര്‍ത്തനങ്ങളെ തടയാന്‍ കഴിയില്ല. ഞാനൊരിക്കലും ഒന്നിനും കീഴടങ്ങുകയുമില്ല” ട്രംപ് പറഞ്ഞു.
പ്രാദേശിക സമയം രണ്ട് മണിയോടെയാണ് ഫ്‌ളോറിഡയിലെ വെസ്റ്റ് പാം ബീച്ചിലെ ട്രംപ് ഇന്റര്‍നാഷണല്‍ ഗോള്‍ഫ് ക്ലബ്ബിന് സമീപം വെടിവയ്പ് ഉണ്ടായത്. തോക്കുമായെത്തിയ അക്രമിയെ കണ്ടതിന് പിന്നാലെ യുഎസ് രഹസ്യാന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരും തിരികെ വെടിയുതിര്‍ത്തു. ട്രംപിന് നേരെയുണ്ടായത് കൊലപാതക ശ്രമം ആയിരിക്കാമെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) അറിയിച്ചു.
സംഭവസ്ഥലത്ത് നിന്ന് ഒരു എസ്‌യുവിയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പ്രതി ഹവായ് സ്വദേശിയായ റയാന്‍ വെസ്ലി റൗത്ത്(58) ആണെന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. എകെ 47 തോക്ക്, ബാക്ക് പാക്കുകള്‍, ഗ്രോപ്രോ ക്യാമറ തുടങ്ങിയവ ഇയാള്‍ വെടിവയ്പ്പ് നടത്തിയ കുറ്റിക്കാടിന് സമീപത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇയാളെ വിശദമായ ചോദ്യം ചെയ്യലിനായി രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് വിവരം.