കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ പ്രതിഷേധ സമരം നടത്തുന്ന ജൂനിയര്‍ ഡോക്ടര്‍മാരെ കുറ്റപ്പെടുത്തി ബംഗാള്‍ സര്‍ക്കാര്‍. ഡോക്ടര്‍മാര്‍ തങ്ങളോട് സഹകരിക്കുന്നില്ലെന്ന ആരോപിച്ച സര്‍ക്കാര്‍, ചര്‍ച്ചകള്‍ക്കായി പുതിയ ഓഫര്‍ കൈമാറുകയും ചെയ്തു. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഡോക്ടര്‍മാരുമായി ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്നും, ഡോക്ടര്‍മാര്‍ ഇതിനോട് സഹകരിക്കുമോ എന്നുമാണ് ചോദിച്ചിരിക്കുന്നത്.
” പ്രതിഷേധ സമരം നടത്തുന്ന ഡോക്ടര്‍മാരുമായി ചര്‍ച്ചകള്‍ നടത്താന്‍ തയ്യാറാണ്. സര്‍ക്കാര്‍ അവരുമായി സംസാരിക്കാന്‍ തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്. എന്നാല്‍ അവരാണ് ഒന്നിനോടും പ്രതികരിക്കാത്തത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കണ്ട് സംസാരിക്കാന്‍ അവര്‍ക്ക് അവസരം ഒരുക്കാമെന്ന് അറിയിച്ചിട്ടുള്ളതാണ്. ചര്‍ച്ച നടത്താന്‍ തയ്യാറുണ്ടോ എന്ന കാര്യം ഇനിയെങ്കിലും അറിയിക്കണമെന്നും” ബിധാന്‍നഗറിലെ പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
അതേസമയം ആരെയാണ് ചര്‍ച്ചയ്‌ക്ക് വിളിച്ചത് എന്ന കാര്യം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടില്ല. പ്രതിഷേധസമരം നടത്തുന്നവരുമായി മുഖ്യമന്ത്രി മമത ബാനര്‍ജി ചര്‍ച്ചയ്‌ക്ക് തയ്യാറാകണമെന്നും, കൂടിക്കാഴ്ച തത്സമയം സംപ്രേഷണം ചെയ്യണം എന്നതടക്കമുള്ള ആവശ്യങ്ങളാണ് പ്രതിഷേധിക്കുന്ന ഡോക്ടര്‍മാര്‍ മുന്നോട്ട് വച്ചിരിക്കുന്നത്. എന്നാല്‍ ഈ ആവശ്യങ്ങള്‍ ഒന്നും അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടുമില്ല.
ഇത്തരത്തില്‍ പ്രതിഷേധ സമരം നടത്തുന്ന ഡോക്ടര്‍മാര്‍ രോഗികളെ വഞ്ചിക്കുകയാണെന്നാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍ ജോലിസ്ഥലത്ത് മതിയായ സുരക്ഷ ഒരുക്കാന്‍ തയ്യാറാകാതെ ഇനിയും ഈ രീതിയില്‍ തുടരാനാകില്ലെന്ന് ഡോക്ടര്‍മാരും പറയുന്നു. ഡോക്ടര്‍മാര്‍ പറയുന്ന എല്ലാ കാര്യങ്ങളും അംഗീകരിച്ച് മുന്നോട്ട് പോവുക എന്നത് ഒരിക്കലും നടക്കുന്ന കാര്യമല്ലെന്നും, പല കാര്യങ്ങളിലും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. സര്‍ക്കാരിലും മുഖ്യമന്ത്രിയിലും വിശ്വാസമര്‍പ്പിച്ച് മുന്നോട്ട് പോവുക എന്നതാണ് സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.