കൊൽക്കത്ത: നഗരത്തിലെ സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്തിൽ (ഐസിഎച്ച്) 26 കാരിയായ യുവതിയെ ആരോഗ്യപ്രവർത്തകൻ പീഡിപ്പിച്ചു. കുട്ടികളുടെ വാർഡിലാണ് സംഭവം നടന്നതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ആശുപത്രിയിലെ വാർഡ് ബോയ് ആയിരുന്ന തനയ് പാൽ (26) ആണ് പ്രതി . വാർഡിനുള്ളിൽ ഉറങ്ങിക്കിടക്കുമ്പോൾ ഇയാൾ യുവതിയെ ലൈംഗികോദ്ദേശ്യത്തോടെ സ്പർശിക്കുകയും വിവസ്ത്രയാക്കാൻ ശ്രമിക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രതി മൊബൈൽ ഫോണിൽ പകർത്തിയതായും പരാതിയിൽ പറയുന്നു.
ഭാരതീയ ന്യായ് സന്ഹിതയുടെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസെടുത്ത കൊൽക്കത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയുടെ മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്ത് ഫോറൻസിക് പരിശോധനയ്‌ക്ക് അയച്ചു. പിന്നീട് കോടതിയിൽ ഹാജരാക്കിയ ഇയാളെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
കൊൽക്കത്തയിലെ സർക്കാർ നിയന്ത്രണത്തിലുള്ള ആർജി കാർ ആശുപത്രിയിൽ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് ഏതാനും ആഴ്ചകൾക്ക് ശേഷമാണ് ഇത് എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു . ആ കുറ്റകൃത്യത്തിലെ പ്രതിയും ആശുപത്രിയിലെ ജീവനക്കാരൻ തന്നെയായിരുന്നു. ഇതിൽ സഞ്ജയ് റോയ് എന്ന സിവിൽ വോളണ്ടിയർ അടുത്ത ദിവസം അറസ്റ്റിലായി.
ഈ മാസം ആദ്യം, പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിൽ സർക്കാർ നടത്തുന്ന ആശുപത്രിയിൽ ഡ്യൂട്ടി നഴ്സിനെ പീഡിപ്പിച്ചെന്നാരോപിച്ച് ഒരാളും അറസ്റ്റിലായിരുന്നു.















