ന്യൂയോർക്ക്: അമേരിക്കൻ മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപിന്റെ സാന്നിധ്യമുണ്ടായിരുന്ന ഗോൾഫ് ക്ലബ്ബിൽ വെടിവയ്പ്പ് നടന്ന സംഭവത്തിൽ എഫ്ബിഐ അന്വേഷണം തുടരുന്നു. ട്രംപിന് നേരെയുണ്ടായ വധശ്രമമാണെന്ന സൂചനയാണ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) നൽകുന്നത്. സംഭവത്തിൽ അക്രമിയെ അന്വേഷണ സംഘം പിടികൂടിയിട്ടുണ്ട്.
58-കാരനായ റയൻ വെസ്ലി റൂത്ത് ആണ് ഗോൾഫ് ക്ലബ്ബിൽ വെടിവയ്പ്പ് നടത്തിയത്. സംഭവസ്ഥലത്ത് നിന്ന് എകെ-47 റൈഫിളും ഗോപ്രോ ക്യാമറയും കണ്ടെത്തിയിട്ടുണ്ട്. ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം നോർത്ത് കരോലിനയിൽ നിന്നുള്ള കെട്ടിടനിർമാണ തൊഴിലാളിയാണ് റൂത്ത്. അക്രമിക്ക് സൈനിക പശ്ചാത്തലമില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും യുദ്ധങ്ങളിൽ പങ്കെടുക്കാനുള്ള താത്പര്യം റൂത്ത് നേരത്തെയും പ്രകടിപ്പിച്ചിട്ടുണ്ട്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശ സമയത്ത് യുക്രെയ്ന് വേണ്ടി പോരാടാനുള്ള താത്പര്യം റൂത്ത് പ്രകടിപ്പിച്ചിരുന്നു. യുക്രെയ്ന് വേണ്ടി യുദ്ധം ചെയ്ത് മരിക്കാൻ പോലും തയ്യാറാണെന്ന് കാണിച്ച് റൂത്ത് എക്സ് പോസ്റ്റും പങ്കുവച്ചിട്ടുണ്ട്. ഇതിന് പുറമെ 2002ൽ ആയുധവുമായി കെട്ടിടത്തിൽ അതിക്രമിച്ച് കയറിയ സംഭവത്തിലും റൂത്ത് പ്രതിയാണ്. നിലവിൽ പ്രതിയെ ചോദ്യം ചെയ്ത് വരികയാണ് അന്വേഷണ സംഘം.
ഫ്‌ളോറിഡയിലെ വെസ്റ്റ് പാം ബീച്ചിലെ ഇന്റർനാഷണൽ ഗോൾഫ് ക്ലബ്ബിന് സമീപം അമേരിക്കൻ സമയം ഞായറാഴ്ച ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് വെടിവയ്പ് ഉണ്ടായത്. സംഭവസമയം ട്രംപ് ഗോൾഫ് ക്ലബ്ബിൽ ഉണ്ടായിരുന്നു. ക്ലബ്ബിന് പുറത്ത് നിന്നിരുന്ന റൂത്ത് അകത്തേക്ക് ഒന്നിലധികം തവണ വെടിയുതിർക്കുകയായിരുന്നു. പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ട്രംപിന്റെ സുരക്ഷാസംഘം പിന്തുടർന്ന് പിടികൂടുകയും ചെയ്തു. അമേരിക്കയിൽ രാഷ്‌ട്രീയ അക്രമങ്ങൾക്ക് സ്ഥാനമില്ലെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. ഡൊണാൾഡ് ട്രംപിനെതിരെയുണ്ടായ വധശ്രമത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.















