ന്യൂഡല്‍ഹി: വിവാദ ഇസ്ലാമിക മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ രാജ്യവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. വഖഫ് ബില്ലിനെ കുറിച്ച് സാക്കിര്‍ നായിക് തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുകയാണെന്ന് കിരണ്‍ റിജിജു ആരോപിച്ചു. പിടികിട്ടാപ്പുള്ളിയായ സാക്കിര്‍ നായിക് തെറ്റായ പ്രചരണങ്ങള്‍ നടത്തി ആളുകളെ തെറ്റിദ്ധരിപ്പിക്കാനും വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാനുമാണ് ശ്രമിക്കുന്നതെന്നും കിരണ്‍ റിജിജു പറയുന്നു.
” ഇന്ത്യാവിരുദ്ധനായ സാക്കിര്‍ നായിക് വ്യാജ പ്രചരണങ്ങള്‍ നടത്തി ഇന്ത്യയിലേക്ക് വിഷം ചീറ്റാന്‍ ശ്രമിക്കുകയാണ്. രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാനാണ് അയാള്‍ ആഗ്രഹിക്കുന്നത്. അതിനാണ് അയാളുടെ ശ്രമങ്ങളും. ഒരു വിഷയത്തെ വളച്ചൊടിച്ച് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നതാണ് അയാളുടെ രീതി. ഇതിനെതിരെ നമ്മള്‍ ഒറ്റക്കെട്ടായി തന്നെ പോരാടേണ്ടതുണ്ടെന്നും” കിരണ്‍ റിജിജു സമൂഹമാദ്ധ്യമത്തില്‍ കുറിച്ചു.
വഖഫ് ബില്‍ പാസായാല്‍ ആയിരക്കണക്കിന് പള്ളികളും മദ്രസകളും ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമിയും മുസ്ലീങ്ങളില്‍ നിന്ന് കേന്ദ്രം ഏറ്റെടുക്കുമെന്നായിരുന്നു സാക്കിര്‍ നായികിന്റെ പരാമര്‍ശം. ഇസ്ലാമിക വിരുദ്ധ സര്‍ക്കാരാണ് അധികാരത്തിലുള്ളതെന്നും, അവര്‍ മുസ്ലീങ്ങളുടെ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്നും ഇയാള്‍ ആരോപിച്ചിരുന്നു. അതിനാല്‍ വഖഫ് ബില്ലിനെ എതിര്‍ക്കേണ്ടത് മുസ്ലീങ്ങളുടെ കടമയാണെന്നും ഇയാള്‍ പറയുന്നു.















