ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ചില്‍ മോഹന്‍ പിപ്രി ഗ്രാമത്തില്‍ 11 വയസ്സുള്ള ആണ്‍കുട്ടിക്ക് നേരെ നരഭോജി ചെന്നായയുടെ ആക്രമണം. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. വീടിന് മുകളില്‍ കിടന്ന് ഉറങ്ങുകയായിരുന്ന മുഹമ്മദ് ഉമറിന്റെ മകന്‍ ഇമ്രാന്‍ അലിയെ ആണ് ചെന്നായ ആക്രമിച്ചത്. കുട്ടി ഉണര്‍ന്ന് നിലവിളിച്ചതോടെ ആളുകള്‍ ഓടിക്കൂടുകയും സംഭവസ്ഥലത്ത് നിന്ന് ചെന്നായ ഓടിപ്പോവുകയുമായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി ചെന്നായയുടെ ആക്രമണം മേഖലയില്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്ന് മുഹമ്മദ് ഉമര്‍ പറയുന്നു. ഉദ്യോഗസ്ഥര്‍ നരഭോജി ചെന്നായയെ പിടികൂടാന്‍ പലതവണ ശ്രമിച്ചെങ്കിലും വിജയിക്കാനായിട്ടില്ലെന്നും മുഹമ്മദ് ഉമര്‍ പറയുന്നു. ” ഗ്രാമത്തില്‍ രാത്രിസമയങ്ങളില്‍ പുറത്തിറങ്ങാന്‍ ആളുകള്‍ ഭയപ്പെട്ട് തുടങ്ങിയിരിക്കുന്നു. ചെന്നായയെ പിടികൂടാനും കൂട്ടിലടയ്‌ക്കാനും പ്രാദേശിക ഭരണകൂടം ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഇതിനാവശ്യമായ സഹായങ്ങള്‍ തങ്ങള്‍ ചെയ്ത് നല്‍കുന്നുണ്ടെന്നും” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബഹ്‌റൈച്ചില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ചെന്നായ ആക്രമണത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച കുടുംബങ്ങളെ അദ്ദേഹം സന്ദര്‍ശിച്ചു. മുഴുവന്‍ ചെന്നായകളേയും പിടികൂടുന്നത് വരെ ഓപ്പറേഷന്‍ ഭേദിയ ദൗത്യം ഭരണകൂടം തുടരുമെന്നും യോഗി ആദിത്യനാഥ് പ്രദേശവാസികള്‍ക്ക് ഉറപ്പ് നല്‍കി.
ഈ വര്‍ഷം ജൂലൈയിലാണ് മേഖലയില്‍ വലിയ തോതില്‍ ചെന്നായകളുടെ ആക്രമണം ആരംഭിച്ചത്. ഒന്‍പത് പേരാണ് നരഭോജി ചെന്നായകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആറ് ചെന്നായകളുടെ കൂട്ടമാണ് ആക്രമണം നടത്തി വന്നിരുന്നത്. ഇവയെ പിടികൂടുന്നതിനായി ആരംഭിച്ച ഓപ്പറേഷന്‍ ഭേദിയ ക്യാമ്പെയ്‌ന് കീഴില്‍ അഞ്ച് ചെന്നായകളെ പിടികൂടുകയും ചെയ്തു. ആറാമന് വേണ്ടിയുള്ള തെരച്ചിലാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഈ മാസം 10നാണ് അഞ്ചാമത്തെ നരഭോജി ചെന്നായയെ പിടികൂടിയത്. പിടികൂടുന്ന ചെന്നായകളെ ഉദ്യോഗസ്ഥര്‍ പ്രത്യേക സുരക്ഷിത താവളത്തിലേക്ക് മാറ്റിയിരിക്കുകയാണ്.















