ബെംഗളൂരു: ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഫോണുകളും, മൊബൈലുകളും, പണവും കണ്ടെത്തി. 1.3 ലക്ഷം രൂപ വിലമതിക്കുന്ന സാംസങ് ഫോണ്‍ ഉള്‍പ്പെടെ 15 മൊബൈലുകള്‍, ഏഴ് ഇലക്ട്രിക് സ്റ്റൗ, അഞ്ച് കത്തികള്‍, മൂന്ന് മൊബൈല്‍ ഫോണ്‍ ചാര്‍ജറുകള്‍, രണ്ട് പെന്‍ഡ്രൈവുകള്‍, 36,000 രൂപ, സിഗരറ്റ്, ബീഡി, തീപ്പെട്ടി എന്നിവ കണ്ടെത്തി. ശനിയാഴ്ചയാണ് ജയിലിനുള്ളില്‍ അധികൃതര്‍ പരിശോധന നടത്തിയത്.
നടനും കൊലക്കേസ് പ്രതിയുമായ ദര്‍ശന്‍ തുഗുദീപ ജയിലിനുള്ളില്‍ ഗുണ്ടാസംഘത്തിനൊപ്പം നില്‍ക്കുന്ന ഫോട്ടോ കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. ജയിലിനുള്ളില്‍ ദര്‍ശന് വിഐപി സൗകര്യങ്ങള്‍ ലഭ്യമായത് സംബന്ധിച്ച് വലിയ രീതിയില്‍ ചോദ്യങ്ങളും വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ ഇവിടുത്തെ പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ദര്‍ശനേയും സഹതടവുകാരേയും മറ്റിടങ്ങളിലുള്ള ജയിലുകളിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
അതേസമയം ജയിലിലെ പല ബ്ലോക്കുകളിലും ഇപ്പോഴും തെരച്ചില്‍ നടത്താന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. നടന്‍ ദര്‍ശനെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന ബ്ലോക്ക് 3ലും തെരച്ചില്‍ നടത്തിയിട്ടില്ല. കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെയാണ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം ജയിലിനുള്ളില്‍ റെയ്ഡ് നടത്തിയത്.
ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വൈകിട്ട് നാലരയോടെ ജയിലിനുള്ളില്‍ റെയ്ഡ് നടത്തി. ജയിലിലെ പവര്‍ കണ്‍ട്രോള്‍ റൂമില്‍ നിന്നാണ് ഇലക്ട്രിക് സ്റ്റൗ, 11,800 രൂപ, 2 കത്തികള്‍, 4 മൊബൈല്‍ ഫോണുകള്‍ എന്നിവ കണ്ടെടുത്തത്. കുളിമുറിയിലെ പൈപ്പില്‍ നിന്നും 11 മൊബൈല്‍ ഫോണുകള്‍, ചാര്‍ജറുകള്‍, ഇയര്‍ ബഡ്‌സ്, കത്തി, പെന്‍ഡ്രൈവ് എന്നിവയും ലഭിച്ചു.