കണ്ണൂർ: കേരളത്തിൽ ഐഎസ് റിക്രൂട്ട്മെന്റ് വ്യാപകമെന്ന് സിപിഎം ഒടുവിൽ സമ്മതിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജനാണ് കേരളത്തിൽ നിന്നും ഐഎസിലേക്കുള്ള ഒഴുക്ക് വ്യാപകമാണെന്ന് പൊതുമദ്ധ്യേ അംഗീകരിച്ചത്. ചെറുപ്പക്കാർ പൊളിറ്റിക്കൽ ഇസ്ലാമിലേക്ക് വഴിതെറ്റുവെന്നും കണ്ണൂരിൽ നിന്നുള്ള ചെറുപ്പക്കാരാണ് കൂടുതലായി ഭീകരസംഘടനയിലേക്ക് പോകുന്നതെന്നും പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിൽ ജയരാജൻ പറഞ്ഞു.
ജയരാജൻ എഴുതുന്ന പുസ്തവുമായി ബന്ധപ്പെട്ട അവതാരകന്റെ ചോദ്യത്തിനാണ് സംസ്ഥാനത്ത് ഇസ്ലാമിക തീവ്രവാദം വേരുന്നിയ കാര്യം അദ്ദേഹം തുറന്നു പറഞ്ഞത്. ലോകത്താകെ ഇസ്ലാമിക തീവ്രവാദം വർദ്ധിക്കുകയാണ്. അതിന്റെ ഭാഗമായി കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുമുള്ള യുവാക്കൾ ഐഎസിലേക്ക് പോകുന്നു. ഇതിനെ ഗൗരവമായി തന്നെ കാണണം. കണക്കുകൾ അടക്കം നിരത്തിയാണ് ജയരാജന്റെ തുറന്ന് പറച്ചിൽ. ജമാഅത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടും മതരാഷ്ഷ്‌ട്രീയ വാദികളാണെന്നും അഭിമുഖത്തിൽ മുൻ ജില്ലാ സെക്രട്ടറി പറഞ്ഞു. കശ്മീരിൽ കൊല്ലപ്പെട്ട കണ്ണൂരിലുള്ള 4 ചെറുപ്പക്കാരെ കുറിച്ചും ജയരാജൻ സംസാരിക്കുന്നുണ്ട്.
ജയരാജന്റെ പുസ്തകങ്ങളിൽ കണ്ണൂരിലെ യുവാക്കളിൽ ഇസ്ലാമിക ഭീകരസംഘടനകൾ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ ഉണ്ടെന്നാണ് വിവരം. ഒക്ടോബറോടെ പുസ്തകം പുറത്തിറങ്ങും. പുസ്തകത്തിന് വലിയ വിമർശനുമുണ്ടാകുമെന്നും അതിനെയോന്നും താൻ ഭയപ്പെടുന്നില്ലെന്നും സിപിഎം നേതാവ് പറയുന്നു. ജനാധിപത്യ രീതിയിൽ വിമർശനം ഉണ്ടാകണം. പക്ഷെ നിലവിലെ സ്ഥിതിക്ക് മാറ്റം വേണമെന്നും ജയരാജൻ വ്യക്തമാക്കുന്നുണ്ട്.
2015 ൽ ജനം ടിവിയാണ് കേരളത്തിലെ ഐഎസ് റിക്രൂട്ട്മെന്റ് ആദ്യം റിപ്പോർട്ട് ചെയ്തത്. പിണറായി വിജയനടക്കമുള്ള നേതാക്കൾ അന്ന് അത് പുച്ഛിച്ച് തള്ളുകയായിരുന്നു. ഇതേ പ്രമേയം കൈകാര്യം ചെയ്ത കേരള സ്റ്റോറിയെ സംഘപരിവാർ അജണ്ടയെന്ന് പറഞ്ഞ് തള്ളിയ പാർട്ടിയാണ് സിപിഎം.
ന്യൂനപക്ഷ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് സിപിഎം മൂടിവെച്ച സത്യങ്ങളാണ് ജയരാജന്റെ വാക്കുകളിലൂടെ പുറത്ത് വന്നത്. ഇസ്ലാമിക തീവ്രവാദത്തിന് സിപിഎം കുടപിടിക്കുകയാമെന്ന വിമർശനം ശക്തമാണ്. എസ്ഡിപിഐ ബന്ധമുള്ളവർ സ്ഥാനാർത്ഥികളാകുന്നതും അവിടെ സിപിഎം ജയിക്കുന്നതും ധാരണയുടെ ഭാഗമാണ്. വരുന്ന പാർട്ടി സമ്മേളനങ്ങളിൽ ജയരാജന്റെ തുറന്ന് പറച്ചിൽ ചർച്ചയാകുമെന്ന് ഉറപ്പാണ്.
സിപിഎമ്മിൽ ഉയർന്ന് വന്നിരിക്കുന്ന പി. വി അൻവർ- കെ.ടി ജലീൽ ഗ്രൂപ്പ്, മുസ്ലീം വർഗീയ രാഷ്‌ട്രീയം പാർട്ടിയിൽ കൊണ്ടുവരുന്നെന്ന ആക്ഷേപം പാർട്ടിക്കുള്ളിൽ തന്നെ ശക്തമാണ്. ഇതിനിടെയിലാണ് കേരളത്തിൽ ഐഎസ് റിക്രൂട്ട്മെന്റ് സ്ഥിരീകരിച്ച് രംഗത്തെത്തിയത്.















