എറണാകുളം: മലയാള സിനിമയിൽ പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്cine എന്ന പേരിൽ പുതിയ സംഘടന വരുന്നു. ആഷിഖ് അബു, അഞ്ജലി മേനോൻ, റിമ കല്ലിങ്കൽ, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുതിയ സംഘടന രൂപീകരിക്കുന്നത്. സിനിമാ പ്രവർത്തകർക്ക് ഇതുസംബന്ധിച്ച് കത്ത് നൽകി തുടങ്ങിയിട്ടുണ്ട്.
സിനിമയിലെ പിന്നണി പ്രവർത്തകരുടെ സംഘടനയായിരിക്കും പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് എന്നാണ് കത്തിൽ സൂചിപ്പിക്കുന്നത്. മലയാള സിനിമാ മേഖലയിൽ ഒരു പുതിയ സിനിമാ സംസ്കാരം രൂപീകരിക്കുക, സിനിമാ വ്യവസായത്തെ നവീകരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംഘടന രൂപീകരിക്കുന്നത്.
തൊഴിലാളികളുടെ ശാക്തീകരണം എന്നാണ് ഈ സംഘടന ലക്ഷ്യമിടുന്നത്. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുക, സമത്വം, സഹകരണം, സാമൂഹ്യനീതി എന്നിവയിൽ വേരൂന്നി പ്രവർത്തിക്കുക എന്നിവയാണ് സംഘടനയുടെ ലക്ഷ്യം.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ തന്നെ എല്ലാ സിനിമാ സംഘടനകളുമായി ചർച്ച നടന്നിരുന്നു. തുടർന്ന് ആഷിക് അബു ഫെഫ്കയിൽ നിന്ന് രാജിവയ്‌ക്കുകയും ചെയ്തു. ഇതിനിടെയാണ് പുതിയ സംഘടന രൂപീകരിക്കാനുള്ള തീരുമാനമുണ്ടായത്.















