ലോകത്തിലെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ ദൗത്യം സ്‌പേസ് എക്‌സ് ഞായറാഴ്ച വിജയകരമായിപൂർത്തിയാക്കി. അമേരിക്കൻ കോടീശ്വര വ്യവസായിയായ ജാരെഡ് ഐസാക്മാൻ (41), സ്പെയ്സ്എക്സ് എൻജിനിയർമാരായ അന്നാ മേനോൻ, സാറാ ഗിലിസ്,വിരമിച്ച എയർഫോഴ്‌സ് പൈലറ്റായ സ്കോട്ട് പൊറ്റീറ്റ് എന്നിവരാണ് ദൗത്യത്തിൽ പങ്കെടുത്തത്. ബഹിരാകാശ ഗവേഷകരല്ലാത്ത വ്യക്തികൾ നടത്തുന്ന ബഹിരാകാശ യാത്രയെന്ന പ്രത്യേകതയും പൊളാരിസ് ദൗത്യത്തിനുണ്ട്. ജാരെഡ് ഐസാക്മാൻ ഒഴികെ മറ്റെല്ലാവരും സ്പേസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. അപ്പോൾ ആരാണ് ജാരെഡ് ഐസക്മാൻ. അദ്ദേഹം എങ്ങനെ ബഹിരാകാശത്ത് എത്തി….അറിയാം
ഹൈസ്‌കൂളിൽ വെച്ച് പഠനം ഉപേക്ഷിച്ചയാളാണ് കഥാനായകനായ ഐസക്മാൻ. വിദ്യാഭ്യാസമില്ലെങ്കിലും അദ്ദേഹം ഇന്ന് ലോകം അറിയുന്ന ശതകോടീശ്വരനാണ്. പണമുണ്ടെങ്കിലും ആഢംബരമൊന്നും പുള്ളിക്ക് ഇഷ്ടമല്ല.
ചെറുപ്പം മുതലേ സംരംഭകനാകാനുള്ള മോഹം ഐസ്ക്മാന്റെ ഉള്ളിലുണ്ടായിരുന്നു. പഠനം തനിക്ക് പറ്റിയ പണിയല്ലെന്ന് മനസിലാക്കിയ അദ്ദേഹം 16 വയസ്സിൽ ഹൈസ്കൂൾ പഠനം ഉപേക്ഷിച്ചു. മുത്തച്ഛൻ നൽകിയ 1,0000 ഡോളറിന് രണ്ട് കമ്പ്യൂട്ടറും മൊബൈലും വാങ്ങി, ന്യൂജേഴ്‌സിയിൽ മാതാപിതാക്കൾ താമസിക്കുന്ന വീടിന്റെ ബേസ്മെന്റിൽ Shift4 എന്ന പേരിൽ പേയ്മെൻ്റ് പ്രോസസ്സിംഗ് കമ്പനി ആരംഭിച്ചു. അച്ഛനും അടുത്ത സൂഹൃത്തുമാണ് സ്ഥാപനത്തിലെ ആദ്യ ജോലിക്കാർ.
പ്രാരംഭ വെല്ലുവിളികൾ നേരിട്ടെങ്കിലും, പിന്നീട് കമ്പനിക്ക് വെച്ചടി കയറ്റമായിരുന്നു. നിലവിൽ കമ്പനിക്ക് 7.4 ബില്യൺ ഡോളർ വിപണി മൂല്യമുണ്ട്, രാജ്യത്തുടനീളം 2,000 ജീവനക്കാരുണ്ട്. Shift4 ന്റെ വിജയം ഐസക്മാനെ ശതകോടീശ്വരനാക്കി. പണ്ട് മുതലെ ബഹിരാകാശ മോഹം ഉള്ളിലുണ്ടായിരുന്നതിനാൽ , ബഹിരാകാശ പര്യവേക്ഷണത്തിന് അദ്ദേഹം ധാരാളം പണം സംഭാവനകൾ നൽകി. അങ്ങനെയാണ് യാത്രയ്‌ക്ക് നറുക്ക് വീണത്.
5 വയസ്സിൽ തന്നെ ബഹിരാകാശത്തേക്ക് പോകണമെന്ന് തീരുമാനിച്ചിരുന്നു. പക്ഷെ അത് യാഥാർത്ഥ്യമാകാൻ കുറച്ച് സമയമെടുക്കുമെന്ന് മാത്രം, 2021ൽ ഐസക്മാൻ അന്താഷ്‌ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
വാൽകഷ്ണം
പൊളാരിസ് ദൗത്യത്തിന് വേണ്ട പണം മുഴുവൻ ചെലവാക്കിയത് ‘ഷിഫ്റ്റ് 4 പേമെന്റ്’ എന്ന കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒയുമായ ജാരെഡ് ഐസാക്മാനാണ്. എത്ര തുകയാണ് ഇദ്ദേഹം ചെലവിട്ടതെന്ന് പുറത്തുവന്നിട്ടില്ല.















