പോളിയോ നിർമാർജ്ജനത്തിനുള്ള ആഗോള ശ്രമങ്ങൾക്ക് വിലങ്ങുതടിയായി താലിബാൻ; അഫ്​ഗാനിസ്ഥാനിൽ വാക്സിനേഷൻ ക്യാമ്പുകൾക്ക് തിരശീല വീണു

Published by
Janam Web Desk

കാബൂൾ: അഫ്​ഗാനിസ്ഥാനിൽ പോളിയോ വാക്സിനേഷൻ ക്യാമ്പെയിന് തിരശീലയിട്ട് താലിബാൻ. രാജ്യത്തെ എല്ലാ വാക്സിനേഷൻ ക്യാമ്പെയ്നുകളും നിർത്തിവച്ചതായി ഐക്യരാഷ്‌ട്രസഭയുടെ കണക്കുകൾ വ്യക്തമാക്കുന്നു. വാക്സിനേഷൻ താത്കാലികമായി നിർത്തിവയ്‌ക്കുന്നതിനുള്ള കാരണമോ ഇത് സംബന്ധിച്ച് ഔദ്യോ​ഗികമായ പ്രസ്താവനയോ  താലിബാൻ ഭരണകൂടം  ഇതുവരെ പുറത്തുവിട്ടിട്ടില്ല.

വീടുതോറുമുള്ള വാക്സിനേഷൻ യജ്ഞത്തിൽ നിന്ന് മാറി മുസ്ലീം പള്ളികൾ‌ കേന്ദ്രീകരിച്ചുള്ള പ്രതിരോധ കുത്തിവയ്പ്പുകൾ നടത്താനുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്ന് ലോകാരോ​ഗ്യ സംഘടനയിലെ മുതിർന്ന ഉദ്യോ​ഗസ്ഥൻ പറഞ്ഞു. ജൂൺ മാസത്തിലാണ് വീടുകൾ തോറുമുള്ള വാക്സിനേഷൻ ക്യാമ്പെയ്ൻ ആരംഭിച്ചത്. ഭൂരിപക്ഷം കുട്ടികൾക്കും വാക്സിൻ എത്തിക്കാൻ ക്യാമ്പെയ്ൻ വഴി സാധിച്ചു. താലിബാൻ നോതാവ് ഹിബത്തുള്ള അഖുന്ദ്‌സാദിന്റെ താവളമായ തെക്കൻ കാണ്ഡഹാറിൽ പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള വാക്സിനേഷനേക്കാൾ മികച്ചതും ഫലപ്രദമാണെന്നും തെളിഞ്ഞിരുന്നു. ഇതിനിടയിലാണ് അകാരണമായി വാക്സിനേഷൻ നിർത്തുന്നത്.

ഈ വർഷം ഇതുവരെ 18 പോളിയോ കേസുകളാണ് അഫ്​ഗാനിസ്ഥാനിൽ ലോകാരോ​ഗ്യസംഘടനയുടെ കണക്കുകൾ പ്രകാരം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷമിത് ആറ് കേസുകൾ മാത്രമായിരുന്നു. രാജ്യത്തിന്റെ തെക്കൻ മേഖലകളിലാണ് കൂടുതലായും കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. വാക്സിനേഷൻ ക്യാമ്പുകളെ അവ​ഗണിക്കുന്നത് മരണസംഖ്യ ഉയരാൻ കാരണമാകുമെന്നരിക്കേ മനുഷ്യജീവന് പുല്ലുവില കൽപിച്ചാണ് താലിബാൻ ഭരണകൂടം തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. പോളിയോ നിർമ്മാർജ്ജനത്തിനുള്ള ആഗോള ശ്രമങ്ങൾക്ക് വെല്ലുവിളി സൃഷ്ടിക്കുകയാണ് അഫ്​ഗാനിസ്ഥാൻ.

Share
Leave a Comment