ബെർലിൻ: ഓണം വിപുലമായി ആഘോഷിച്ച് ജർമ്മനിയിലെ മലയാളികൾ. ജർമ്മനിയിലെ ഡാംസ്റ്റാഡിലെ മലയാളി കൂട്ടായ്മയാണ് ഓണം ആഘോഷിച്ചത്. ഡാംസ്റ്റാഡ് നഗരത്തിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന വിദ്യാർത്ഥികളും കുടുംബങ്ങളും ഉൾപ്പെടെ 400-ലധികം മലയാളികളാണ് ആഘോഷത്തിൽ പങ്കെടുത്തത്.
ഓണാഘോഷങ്ങളുടെ ഭാഗമായി വിവിധയിനം കല-കായിക പരിപാടികളും അരങ്ങേറി. പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ് സദ്യയും പരിപാടികളൊക്കെയായി ഓണാഘോഷങ്ങൾ വിപുലമായാണ് നടന്നത്. അത്തപ്പൂക്കളം ഒരുക്കിയും പാട്ടും നൃത്തവുമൊക്കെയായി ജർമ്മനിയിലെ മലയാളികൾ ഓണം ആഘോഷിച്ചു.
ആഘോഷത്തിൽ ജർമ്മൻ മാവേലിയായിരുന്നു ഏറ്റവും കൂടുതൽ ശ്രദ്ധയാകർഷിച്ചത്. ജർമ്മൻ പൗരനാണ് മാവേലിയുടെ വേഷത്തിലെത്തിയത്. ഓണാഘോഷങ്ങളുടെ വീഡിയോകളും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. നാട്ടിലില്ലാത്തതിന്റെ കുറവുകളെല്ലാം മറന്നാണ് എല്ലാവരും കൂട്ടായിനിന്ന് ഓണം കൊണ്ടാടിയത്. എല്ലാ വർഷവും മലയാളികൾ ഇവിടെ ഒത്തുകൂടാറുണ്ട്.
ക്രിസ്തുമസിനും മലയാളി കൂട്ടായ്മകൾ ഇതുപോലെ ആഘോഷങ്ങൾ സംഘടിപ്പിക്കാറുണ്ട്. ആഘോഷങ്ങളുടെ ഭാഗമായി നിരവധി പരിപാടികളും സംഘടിപ്പിക്കും.















