മലപ്പുറം: മങ്കി പോക്സ് (എം പോക്സ്) രോഗലക്ഷണങ്ങളൊടെ ഒരാളെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒതായി സ്വദേശിയായ 38 കാരനാണ് നിരീക്ഷണത്തിലുള്ളത്. ഒരാഴ്ച മുമ്പാണ് യുവാവ് ദുബായിൽ നിന്ന് നാട്ടിലെത്തിയത്.
ത്വക്രോഗ വിഭാഗം ഒ.പിയിൽ തിങ്കളാഴ്ച രാവിലെയാണ് യുവാവ് ചികിത്സ തേടി എത്തിയത്. പനിയും തൊലിപ്പുറത്ത് ചിക്കൻപോക്സിന് സമാനമായ കുമിളകളും കണ്ടതിനെ തുടർന്ന് വിദഗ്ധ പരിശോധനയ്‌ക്ക് വിധേയമാക്കുകയായിരുന്നു. സ്രവ സാമ്പിൾ ശേഖരിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് വൈറോളജി ലാബിലേക്ക് പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്.
പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണെന്നും മങ്കി പോക്സാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് മുൻകരുതലെന്നും അധികൃതർ അറിയിച്ചു. രാജ്യത്ത് ആദ്യമായി മങ്കി പോക്സ് സ്ഥിരീകരിച്ചത് ദിവസങ്ങൾക്ക് മുമ്പാണ്. സംസ്ഥാനത്ത് ആദ്യമായാണ് രോഗ ലക്ഷണങ്ങളോടെ ഒരാളെ നിരീക്ഷണത്തിലാക്കുന്നത്.