ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിക്ക് ജാമ്യം. കർശന ഉപാധികളോടെയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ഏഴര വർഷത്തിന് ശേഷമാണ് ജാമ്യം അനുവദിച്ചത്. വർഷങ്ങളായി ജാമ്യാപേക്ഷ സമർപ്പിച്ചുകൊണ്ടിരുന്ന പൾസർ സുനി ഹൈകോടതിയിൽ നിന്നും അനുകൂല ജാമ്യം ലഭിക്കാതെ വന്നതോടെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
പൾസർ സുനിക്ക് ജാമ്യം നൽകുന്നതിനെ സംസ്ഥാന സർക്കാർ എതിർത്തെങ്കിലും കോടതി ജാമ്യം നൽകുകയായിരുന്നു. കേസിൽ നീതിപൂർവ്വമായ വിചാരണ നടക്കുന്നില്ലെന്ന് പൾസർ സുനി കോടതിയിൽ പറഞ്ഞു. വിചാരണ നീണ്ടു പോകുന്നതിനാൽ ജാമ്യം നൽകിയ കോടതി ഒരാഴ്ചയ്ക്കുള്ളിൽ വിചാരണ കോടതി ജാമ്യം നൽകണമെന്നും ഉത്തരവിട്ടു. ജാമ്യാപേക്ഷ ഫയലിൽ സ്വീകരിച്ച സുപ്രീംകോടതി ഓഗസ്റ്റ് 27-ന് മുൻപ് പൾസർ സുനിയുടെ കാര്യത്തിലുള്ള മറുപടി സത്യവാങ്മൂലം സമർപ്പിക്കണമെന്ന് സംസ്ഥാനത്തിന് അയച്ച നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നു.
കേസിൽ പൾസർ സുനി മാത്രമാണ് ജയിലിൽ കഴിയുന്നതെന്ന് അഭിഭാഷകരായ പരമേശ്വറും ചൂണ്ടിക്കാട്ടി. 2017- ഫെബ്രുവരി 23 മുതൽ പൾസർ സുനി ജയിലിലാണ്. ദിലീപ് ഉൾപ്പടെയുള്ള മറ്റ് പ്രതികൾ പുറത്താണ്. ഇത് എന്തുതരം സമീപനമാണെന്നും അഭിഭാഷകർ ചോദിച്ചു. ഹൈക്കോടതിയോട് എന്തുതരം സമീപനമാണെന്ന് ചോദിച്ച സുപ്രീംകോടതി നിരന്തരമായി ജാമ്യാപേക്ഷ സമർപ്പിച്ചുവെന്ന കുറ്റത്തിന് ചുമത്തിയ പിഴ സ്റ്റേ ചെയ്യുകയും ചെയ്തു. ആവർത്തിച്ച് ജാമ്യാപേക്ഷ നൽകിയതിന് 25000 രൂപ ആയിരുന്നു ഹൈക്കോടതി സുനിക്ക് പിഴ വിധിച്ചിരുന്നത്.