ന്യൂഡൽഹി: രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കാൻ ശ്രമിക്കുന്നവർക്കെല്ലാം ഗണേശ പൂജ ഒരു പ്രശ്നമായി മാറിയിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസുകാരെ ബ്രിട്ടീഷ് ഭരണത്തോട് താരതമ്യം ചെയ്തായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. ചൊവ്വാഴ്ച ഭുവനേശ്വറിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ ഭരിക്കുന്ന കാലത്ത് ഗണേശ ഉത്സവങ്ങളിൽ പ്രശ്നങ്ങളുണ്ടാക്കിയവരാണ് ബ്രിട്ടീഷുകാർ. ഇത്തരത്തിൽ ഗണേശപൂജയിൽ പ്രശ്നങ്ങൾ കാണുന്നവർ എല്ലാവരും അധികാരമോഹികളായ ആളുകളാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ വസതിയിൽ നടന്ന ഗണേശപൂജയിൽ പ്രധാനമന്ത്രി പങ്കെടുത്തത് കോൺഗ്രസ് അനാവശ്യ വിവാദമാക്കിയ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.
“ഗണേശോത്സവം നമ്മുടെ രാജ്യത്തിന് കേവലം വിശ്വാസത്തിന്റെ ഉത്സവമല്ല. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ധിയിൽ ഗണേശോത്സവം വളരെ പ്രധാനപ്പെട്ട പങ്കുവഹിച്ചു. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയത്തിൽ പ്രവർത്തിച്ച ബ്രിട്ടീഷുകാരെ ഇത് പ്രകോപിപ്പിച്ചു. ജാതിയുടെ പേരിൽ നമ്മളെ ഭിന്നിപ്പിക്കുക എന്നതായിരുന്നു ബ്രിട്ടീഷുകാരുടെ ആയുധം. ഇന്നും ഗണേശപൂജയിൽ ചിലർ വളരെയധികം രോഷാകുലരാണ്,” മോദി പറഞ്ഞു. താൻ ഗണപതി പൂജയിൽ പങ്കെടുത്തതാണ് കോൺഗ്രസിനെയും അതിന്റെ അണികളെയും അസ്വസ്ഥമാക്കുന്നതെന്നും അവരുടെയും ലക്ഷ്യം ബ്രിട്ടീഷുകാരുടേതിന് തുല്യമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
അധികാരമുള്ള കർണാടകയിൽ ഇതിനേക്കാൾ വലിയ പാപമാണ് കോൺഗ്രസ് ചെയ്തത്. അവർ ഗണേശ വിഗ്രഹത്തെ അഴികൾക്കുള്ളിലാക്കി. ഇത്തരം വിദ്വേഷം പടർത്തുന്ന ഘടകങ്ങളെ വളരാൻ അനുവദിക്കില്ലെന്നും രാജ്യത്തിന് ഇനിയുമേറെ മുന്നോട്ട് കുതിക്കേണ്ട സമയമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.