ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനാശംസകൾ നേർന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. മോദിയുമായുള്ള സൗഹൃദത്തിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധത്തിലും അവർ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. എക്‌സിൽ പങ്കുവച്ച പോസ്റ്റിലാണ് മെലോണി പ്രധാനമന്ത്രിക്ക് ആശംസകൾ അറിയിച്ചത്.
“ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകൾ. നമ്മെ കാത്തിരിക്കുന്ന ആഗോള വെല്ലുവിളികളെ ഒരുമിച്ച് നേരിടാൻ ഇറ്റലിയും ഇന്ത്യയും തമ്മിലുള്ള സൗഹൃദവും സഹകരണവും തുടർന്നും ശക്തിപ്പെടുത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്,”മെലോണി കുറിച്ചു.
രാജ്യത്തിന്റെ പ്രധാനസേവകന്റെ 74-ാം ജന്മദിനമായിരുന്നു ഇന്ന്.1950 സെപ്റ്റംബർ 17 ന് ഗുജറാത്തിലെ മെഹ്‌സാന പട്ടണത്തിൽ ജനിച്ച നരേന്ദ്ര ദാമോദർദാസ് മോദി ഇന്ന് ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള രാഷ്‌ട്രീയ നേതാക്കളിൽ ഒരാളാണ്. ഭരണപക്ഷത്തേയും പ്രതിപക്ഷത്തെയും ഉൾപ്പെടെ നിരവധി രാഷ്‌ട്രീയ, കലാസാംസ്കാരിക മേഖലയിലെ പ്രമുഖർ പ്രധാനമന്ത്രിക്ക് ആശംസകൾ അറിയിച്ചു.