പ്രോഗ്രസ്സീവ് ഫിലിം മേക്കേർസ് ഓഫ് ഇന്ത്യ എന്ന പേരിൽ രൂപീകരിക്കാൻ പോകുന്ന സിനിമാ സംഘടന സംശയത്തിന്റെ നിഴലിലാണ്. ആഷിക്ക് അബു, റിമാ കല്ലിങ്കൽ, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, അഞ്ജലി മേനോൻ തുടങ്ങിയവരാണ് പുതിയ സംഘടനയ്‌ക്ക് രൂപം നൽകുന്നത്. അമ്മ സംഘടനയുടെ തകർച്ച കാണാൻ ആഗ്രഹിക്കുന്ന, ചലച്ചിത്രരംഗത്ത് പിടിമുറുക്കാൻ ശ്രമിക്കുന്ന ഗൂഢ ശക്തികൾക്ക് വഴിയൊരുക്കുന്ന സംഘടനയായിരിക്കും പ്രോഗ്രസ്സീവ് ഫിലിം മേക്കേർസ് ഓഫ് ഇന്ത്യ എന്നാണ് പലരും വിലയിരുത്തുന്നത്. ഇതിനിടെ പുതിയ സംഘടനയെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
“ചലച്ചിത്രരംഗത്ത് മട്ടാഞ്ചേരി മാഫിയ എന്ന പദപ്രയോഗം സത്യമാണെന്ന് ഇപ്പോൾ തെളിഞ്ഞുവരികയാണ്. ചലച്ചിത്ര മേഖലയെ വരുതിയിൽ നിർത്താൻ പല തരത്തിലുള്ള പവർ ഗ്രൂപ്പുകളുണ്ടെന്നതും സത്യം. അടക്കിവാഴുന്നവരും അധോലോകസംഘവും തമ്മിലുള്ള തർക്കത്തിൽ ആരുടെ കൂടെയാണെന്നു ചോദിച്ചാൽ ഉത്തരം പറയാനുമാവില്ല”.
“മയക്കുമരുന്നു മാഫിയകളും അർബൻ നക്സലുകളും അരാജകവാദികളും അടക്കിവാഴുന്നിടത്ത് അവരെ ഒരുതരത്തിലും പിന്തുണയ്‌ക്കാനുമാവില്ല. പ്രോഗ്രസ്സീവ് ഫിലിം മേക്കേർസ് ഓഫ് ഇന്ത്യ എന്ന പേരൊക്കെ യാദൃശ്ചികമായി വന്നതാണെന്ന് കരുതാൻ ഇന്നത്തെ സാഹചര്യത്തിൽ സാധിക്കുന്നുമില്ല”-കെ സുരേന്ദ്രൻ പ്രതികരിച്ചു.