കൊൽക്കത്ത: ബംഗാൾ സർക്കാർ തങ്ങളുടെ ആവശ്യങ്ങളെല്ലാം പൂർണ തോതിൽ അംഗീകരിക്കുന്നത് വരെ പ്രതിഷേധസമരം തുടരുമെന്ന് ജൂനിയർ ഡോക്ടർമാർ. മുഖ്യമന്ത്രി മമത ബാനർജിയുമായി നടത്തിയ ചർച്ചയിൽ ഡോക്ടർമാർ തങ്ങളുടെ അഞ്ച് ആവശ്യങ്ങളാണ് മുന്നോട്ട് വച്ചത്. ഇതിൽ മൂന്നെണ്ണം സർക്കാർ അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതിൻ പ്രകാരം കൊൽക്കത്തയിൽ പുതിയ പൊലീസ് കമ്മീഷണറെ നിയമിക്കുകയും, ആരോഗ്യവകുപ്പിലെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥരെ സ്ഥാനത്ത് നീക്കുകയും ചെയ്തിരുന്നു.
ഇപ്പോഴത്തെ നീക്കങ്ങൾ സമരത്തിന്റെ ഭാഗികവിജയമെന്നാണ് ജൂനിയർ ഡോക്ടർമാർ പറയുന്നത്. അതേസമയം ജൂനിയർ ഡോക്ടർമാരുടെ ആവശ്യങ്ങളിൽ 99 ശതമാനവും അംഗീകരിച്ചതായി മുഖ്യമന്ത്രി മമത ബാനർജി അവകാശപ്പെടുന്നു. എന്നാൽ മറ്റ് ആവശ്യങ്ങൾ കൂടി ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രിയുമായി മറ്റൊരു കൂടിക്കാഴ്ച കൂടി ആവശ്യമാണെന്നും, ഈ ആവശ്യം ഉന്നയിച്ച് ചീഫ് സെക്രട്ടറി മനോജ് പന്തിന് സന്ദേശം കൈമാറുമെന്നും ഡോക്ടർമാരുടെ യോഗം തീരുമാനിച്ചു. കൊൽക്കത്ത പൊലീസ് കമ്മീഷണർ വിനീത് ഗോയലിന് നീക്കം ചെയ്തതിന് പുറമെ ആരോഗ്യ വകുപ്പ് സെക്രട്ടറി എൻ എസ് നിഗമിനെയും സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടിരുന്നു.
ആശുപത്രികളിൽ ഡോക്ടർമാരുടെ സുരക്ഷ സംബന്ധിച്ച് നടപ്പാക്കുന്ന കാര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യണമെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടു. ആശുപത്രികളിൽ ഡോക്ടർമാരുടെ സുരക്ഷയ്‌ക്കായി സർക്കാർ ചെലവഴിക്കുമെന്ന് പറഞ്ഞ 100 കോടി രൂപ എപ്രകാരമാണ് സംസ്ഥാനം ചെലവഴിക്കാൻ പോകുന്നതെന്ന കാര്യം തങ്ങളെ അറിയിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ടാസ്‌ക് ഫോഴ്‌സിനെ രൂപീകരിക്കണം, വിദ്യാർത്ഥി സംഘടനകളുടെ തെരഞ്ഞെടുപ്പ് നടത്തണം, ഓരോ ആശുപത്രികളിലും ആരോഗ്യസ്ഥാപനങ്ങളിലും ജൂനിയർ ഡോക്ടർമാരുടെ കൂടി പ്രാതിനിധ്യം ഉറപ്പാക്കണം എന്ന ആവശ്യങ്ങളും ഇവർ മുന്നോട്ട് വയ്‌ക്കുന്നു.