തൃശൂർ: മറ്റത്തൂർ പഞ്ചായത്തിലെ മുപ്ലിയിലുള്ള ജനവാസ മേഖലയിൽ പുലിയിറങ്ങി. പുലർച്ചെ ഒന്നരയോടെയാണ് മുപ്ലിയിലുള്ള ഓലിക്കൽ ജോസഫിന്റെ വീട്ടുമുറ്റത്ത് പുലിയെ കണ്ടത്.
പട്ടി നിർത്താതെ കുരയ്‌ക്കുന്നത് കേട്ട് ജനലിലൂടെ പുറത്തേക്ക് നോക്കിയ വീട്ടുകാർ പുലിയെ നേരിൽ കാണുകയും ചെയ്തു. വീട്ടിലെ നിരീക്ഷണ ക്യാമറയിലും പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. തൃശൂരിൽ ഇന്ന് പുലിക്കളിയുടെ ആഘോഷങ്ങൾ നടക്കുന്നതിനിടെയാണ് ഒറിജിനൽ പുലിയിറങ്ങിയതെന്ന പ്രത്യേകതയുമുണ്ട്.
വനാതിർത്തിയോട് ചേർന്നുള്ള മുപ്ലിയിൽ പുലിയുടേയും കാട്ടാനകളുടേയും ശല്യം വർദ്ധിച്ചുവരികയാണെന്ന് നാട്ടുകാർ പറയുന്നു. പതിനഞ്ചോളം കാട്ടാനകൾ കഴിഞ്ഞ രാത്രി പ്രദേശത്തിറങ്ങിയിരുന്നതായും നാട്ടുകാർ പറഞ്ഞു.