ന്യൂഡൽഹി: പ്രധാനമന്ത്രിക്ക് സമ്മാനമായി ലഭിച്ച വസ്തുക്കൾ ലേലത്തിന്. ഒക്ടോബർ രണ്ട് വരെയാണ് ഇ-ലേലം നടക്കുന്നത്. സാംസ്കാരിക മന്ത്രാലയം സംഘടിപ്പിക്കുന്ന ലേലത്തിൽ 600-ലേറെ സമ്മാനങ്ങളും മെമൻ്റോകളും ലേലത്തിൽ വച്ചിട്ടുണ്ട്. ഭാരതത്തിന്റെ സംസ്കാരം, ആത്മീയത, ചരിത്രം, രാഷ്ട്രീയം എന്നിവ പ്രതിഫലിപ്പിക്കുന്നവായാണ് ലേലത്തിൽ വച്ചിരിക്കുന്നതെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പറഞ്ഞു.
പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ഓൺലൈൻ ലേലത്തിന്റെ ആറാം പതിപ്പിന് തുടക്കമായത്. pmmementos.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്താൽ ഇ-ലേലത്തിൽ പങ്കെടുക്കാം. ഇന്ത്യ നേട്ടം കൊയ്ത പാരിസ് പാരാലിമ്പിക്സിൽ നിന്നുള്ള വസ്തുക്കളാണ് ഇത്തവണത്തെ ലേലത്തിന്റെ സവിശേഷത. ഇതിന് പുറമേ അയോദ്ധ്യ രാമക്ഷേത്രം, ദ്വാരകയിലെ ദ്വാരകാധീഷ് ക്ഷേത്രം എന്നിങ്ങനെയുള്ള ക്ഷേത്ര മാതൃകകൾ ഉൾക്കൊള്ളുന്ന വസ്തുക്കളുടെ ശേഖരവുമുണ്ട്.
ഹൈന്ദവ ദേവതകളുടെ വിഗ്രഹങ്ങൾ, പരമ്പരാഗത കലാരൂപങ്ങൾ, പെയിൻ്റിംഗുകൾ, സങ്കീർണമായ ശിൽപങ്ങൾ, കരകൗശല വസ്തുക്കൾ എന്ന് തുടങ്ങി നിരവധി വസ്തുക്കളാണ് ലേലത്തിൽ വച്ചിരിക്കുന്നത്. ഭാരതത്തിന്റെ പൈതൃകം വിളിച്ചോതുന്ന ഖാദി ഷാളുകൾ, സിൽവർ ഫിലിഗ്രി, മാതാ നി പച്ചേടി ആർട്ട്, മധുബനി കലകൾ എന്നിവയും സാംസ്കാരിക മന്ത്രാലയം ലേലത്തിൽ വച്ചിട്ടുണ്ട്.
കഴിഞ്ഞ അഞ്ച് പതിപ്പുകളായുള്ള ലേലത്തിൽ നിന്ന് ഏകദേശം 50 കോടി രൂപയാണ് നേടിയത്. ലേലത്തിൽ നിന്നുള്ള വരുമാനം കേന്ദ്ര പദ്ധതിയായ നമാമി ഗംഗയിലേക്കാണ് നീക്കി വയ്ക്കുന്നതെന്ന് സാംസ്കാരിക മന്ത്രാലയം അറിയിച്ചു. ഗംഗെ നദിയുടെ സംരക്ഷണവും ആവാസ വ്യവസ്ഥയുടെ പരിപാലനവും ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് നമാമി ഗംഗെ.