ന്യൂഡൽഹി: കൊൽക്കത്ത കൊലപാതകത്തിൽ പശ്ചിമ ബംഗാൾ സർക്കാരിനെ ഉത്തരം മുട്ടിച്ച് സുപ്രീംകോടതി. സംഭവത്തിന് ശേഷം സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ സുരക്ഷ ശക്തമാക്കാൻ സ്വീകരിച്ച നടപടികളെ കുറിച്ചുള്ള ചോദ്യങ്ങളാണ് സർക്കാരിനെ കുഴക്കിയത്.
എന്തുകൊണ്ടാണ് സാധാരണ പൊലീസുകാർക്ക് പകരം കരാർ ജീവനക്കാരെ ആശുപത്രിയിലെ സുരക്ഷ ഡ്യൂട്ടിക്കായി നിയമിച്ചിരിക്കുന്നതെന്ന് കോടതി ചോദിച്ചു. ഒരു കരാർ തൊഴിലാളിയായിരുന്നിട്ടും പ്രതിയായ സഞ്ജയ് റോയിക്ക് ആശുപത്രിയുടെ മുക്കിലും മൂലയിലും വരെ പ്രവേശനം ലഭിക്കുന്നതെങ്ങനെയെന്നും കോടതി ചോദിച്ചു.
എന്നാൽ സുരക്ഷാ ഡ്യൂട്ടിയിലുള്ള കരാർ ജീവനക്കാരെ താൽക്കാലികമായി നിയമിച്ചതാണെന്നും ഇതുകഴിഞ്ഞാൽ പകരം സാധാരണ പൊലീസുകാരെ നിയമിക്കുമെന്നുമായിരുന്നു കപിൽ സിബലിന്റെ മറുപടി.
മമതാ ബാനർജി അധികാരത്തിൽ വന്ന ശേഷമാണ് സാധാരണ പൊലീസുകാരെ സഹായിക്കാൻ സിവിൽ വോളന്റിയർമാരെ ഉൾപ്പെടുത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വെബ്‌സൈറ്റിലെ കണക്ക് പ്രകാരം ബംഗാളിൽ ഇപ്പോൾ 1.19 ലക്ഷത്തിലധികം സിവിൽ വോളന്റിയർമാരുണ്ട്. ഒരു സിവിക് വോളന്റിയർ ആകാനുള്ള മാനദണ്ഡം ലളിതമാണ്. എട്ടാം ക്ലാസ് വരെ പഠിച്ചിരിക്കണം, ശാരീരിക ക്ഷമത ഉണ്ടാകണം. ക്രിമിനൽ പശ്ചാത്തലമുള്ള ആളാകാൻ പാടില്ല. എഴുത്തുപരീക്ഷയില്ല. ജോലി ലഭിക്കാൻ തൃണമൂൽ നേതാക്കളുമായുള്ള അടുപ്പം മാത്രം മതി.
കൊൽക്കത്ത കൊലപാതകക്കേസിലെ മുഖ്യപ്രതിയായ സഞ്ജയ് റോയ് ഇത്തരത്തിൽ സിവിൽ വോളന്റിയർ ആയിരുന്നു. എന്നിട്ടും സർക്കാർ ആശുപത്രിയുടെ എല്ലാ കോണുകളിലും 24 മണിക്കൂറും പ്രവേശനം ലഭിച്ചു. പൊലീസുകാരനല്ലാതിരുന്നിട്ടും കൊൽക്കത്ത പൊലീസ് എന്ന സ്റ്റിക്കർ പതിച്ച ബൈക്കിൽ ഇയാൾ കറങ്ങി നടന്നിരുന്നു. കൊൽക്കത്ത പൊലീസ് ടീ ഷർട്ട് ധരിച്ച് പൊലീസ് ബാരക്കുകളിലും താമസിച്ചിരുന്നതായി സിബിഐ അന്വേഷണത്തിൽ കണ്ടെത്തി.















