ന്യൂഡൽഹി: പാകിസ്താനുമായുള്ള സിന്ധു നദീജല കരാറിൽ ഭേദഗതി ആവശ്യപ്പെട്ട് ഇന്ത്യ. 1960-ലെ കരാറിന് ശേഷം ഭൗമ രാഷ്‌ട്രീയ കാലാവസ്ഥകൾ മാറിയെന്നും അതിനാൽ അതേ ധാരണകൾ പ്രകാരം ഇനി മുന്നോട്ട് പോകാനാകില്ലെന്നും ഇന്ത്യ പാകിസ്താനെ അറിയിച്ചു. 2024 ഓഗസ്റ്റ് 30-ന് ഇത് സംബന്ധിച്ച് ഇന്ത്യ പാകിസ്താന് നോട്ടീസ് അയച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
സിന്ധു നദിയുടെ ബന്ധപ്പെട്ട ജലവൈദ്യുത പദ്ധതികളിൽ കരാർ പ്രകാരം പാകിസ്താന് തടസ്സം ഉന്നയിക്കാം. ഇത് പലപ്പോഴും ഇന്ത്യയ്‌ക്ക് ശല്യമാകാറുണ്ട്. ജമ്മു കശ്മീരിലെ കിഷൻഗംഗ, രത്ലെ ജലവൈദ്യുത പദ്ധതികളുമായി ബന്ധപ്പെട്ട പാകിസ്താന്റെ എതിർപ്പും അതിനെ തുടർന്നുണ്ടായ അന്താരാഷ്‌ട്ര ഇടപെടലുകളുമാണ് ഭേദഗതിയെക്കുറിച്ച് ആലോചിക്കാൻ ഇന്ത്യയെ കൂടുതലായും പ്രേരിപ്പിച്ചത്. ഒപ്പം അതിർത്തി കടന്നുള്ള തുടർച്ചയായ ഭീകരവാദവും ഉടമ്പടിയുടെ സുഗമാമായ മുന്നോട്ട് പോക്കിന് തടസ്സം സൃഷ്ടിക്കുന്നു.
സിന്ധു നദിയിലേയും അതിന്റെ പോഷകനദികളിലും ജലം പങ്കുവെയ്‌ക്കുന്നത് സംബന്ധിച്ച് ഇന്ത്യയും പാകിസ്താനും ഒപ്പുവെച്ച ഉടമ്പടിയാണ് സിന്ധു നദീജല കരാർ. ലോകബാങ്കിന്റെ മധ്യസ്ഥതയിൽ കറാച്ചിയിൽവച്ച് മുൻ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും അന്നത്തെ പാകിസ്താൻ പ്രസിഡന്റ് അയൂബ് ഖാനുമാണ് കരാറിൽ ഒപ്പുവച്ചത്.
ഉടമ്പടി പ്രകാരം ബിയാസ്, രവി, സത്‌ലജ് എന്നീ മൂന്ന് കിഴക്കൻ നദികളിലെ ജലത്തിന്റെ നിയന്ത്രണം ഇന്ത്യയ്‌ക്ക് ലഭിച്ചു. സിന്ധു, ചെനാബ്, ഝലം എന്നീ പടിഞ്ഞാറൻ നദികളുടെ ജലത്തിന്റെ മേലുള്ള നിയന്ത്രണം പാകിസ്താനാണ്. ഇത് പ്രകാരം സിന്ധുനദീ വ്യവസ്ഥയുടെ മൊത്തം ജലത്തിന്റെ 20 ശതമാനം ഇന്ത്യയ്‌ക്കും 80 ശതമാനം പാകിസ്താനുമാണ്.
അതിനാൽ ഭേദഗതിയെ പാകിസ്ഥാൻ എതിർക്കുമെന്ന് ഉറപ്പാണ്.















