തെലങ്കാന: മുൻ സർക്കാരിന്റെ കാലത്ത് തിരുപ്പതി ലഡ്ഡു നിർമ്മിക്കാൻ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിരുന്നുവെന്ന ഗുരുതര ആരോപണവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. കഴിഞ്ഞ ദിവസം ചേർന്ന എൻഡിഎ നിയമസഭാ കക്ഷി യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ചന്ദ്രബാബു നായിഡു ഇക്കാര്യം പറഞ്ഞത്.
ജഗൻ മോഹൻ റെഡ്ഡി നേതൃത്വം കൊടുത്ത വൈഎസ്ആർ കോൺഗ്രസിന്റെ ഭരണസമയത്ത് തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രധാന പ്രസാദമായ തിരുപ്പതി ലഡ്ഡു നിർമ്മിക്കുന്നതിന് വേണ്ടി മൃഗക്കൊഴുപ്പ് ഉപയോഗിച്ചിരുന്നുവെന്നാണ് ചന്ദ്രബാബു നായിഡുവിന്റെ ആരോപണം. തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ക്ഷേത്രം.
” കഴിഞ്ഞ അഞ്ച് വർഷമായി തിരുമലയിലെ വെങ്കിടേശ്വര ക്ഷേത്രത്തിന്റെ പവിത്രത നശിപ്പിക്കാൻ ശ്രമിച്ചവരാണ് വൈഎസ്ആർ കോൺഗ്രസ് നേതാക്കൾ. ക്ഷേത്രത്തിൽ നടന്നുവരുന്ന അന്നദാനത്തിനായി ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണമേന്മയിൽ അവർ വിട്ടുവീഴ്ചകൾ ചെയ്തു. ക്ഷേത്രത്തിലെ പ്രധാന പ്രസാദമാണ് തിരുമല ലഡ്ഡു. എന്നാൽ ഇതിൽ നെയ്യിന് പകരം അവർ മൃഗക്കൊഴുപ്പ് ഉപയോഗിക്കാൻ നിർദേശിച്ചു. ക്ഷേത്രത്തിന്റെ എല്ലാ പവിത്രതയും നശിപ്പിക്കുന്ന നീക്കമായിരുന്നു ഇത്. എന്നാലിപ്പോൾ ക്ഷേത്രത്തിൽ വീണ്ടും ശുദ്ധമായ നെയ്യ് ഉപയോഗിക്കാൻ തുടങ്ങിയിരിക്കുകയാണ്. ക്ഷേത്രത്തേയും അതിന്റെ സംസ്‌കാരത്തേയും പവിത്രതേയും ഞങ്ങൾ സംരക്ഷിക്കുമെന്നും” ചന്ദ്രബാബു നായിഡു പറഞ്ഞു.
എന്നാൽ ഈ ആരോപണം തള്ളി വൈഎസ്ആർ കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ചന്ദ്രബാബു നായിഡുവിന്റെ പ്രസ്താവന ദുരുദ്ദേശപരമാണെന്നും, അത്തരത്തിൽ ഒരു സംഭവം നടന്നിട്ടില്ലെന്നും വൈഎസ്ആർ കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ വൈ വി സുബ്ബ റെഡ്ഡി പറഞ്ഞു. രാഷ്‌ട്രീയ നേട്ടത്തിന് വേണ്ടിയാണ് ചന്ദ്രബാബു നായിഡു ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതെന്നും, തിരുമല ക്ഷേത്രത്തെ കളങ്കപ്പെടുത്തുന്നതും, ഭക്തരുടെ വിശ്വാസങ്ങൾക്ക് മുറിവേൽപ്പിക്കുന്നതുമായ പ്രസ്താവനയാണിതെന്നും സുബ്ബ റെഡ്ഡി ആരോപിച്ചു.















