കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളേജിലെ വിഷയവുമായി ബന്ധപ്പെട്ട് പ്രതിഷേധ സമരം നടത്തുന്ന ഡോക്ടർമാരുമായി ബംഗാൾ സർക്കാർ നടത്തിയ രണ്ടാം വട്ട ചർച്ച പരാജയപ്പെട്ടു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മമത ബാനർജിയുമായി നടത്തിയ ചർച്ചയിൽ ഡോക്ടർമാർ മുന്നോട്ടുവച്ച പല ആവശ്യങ്ങളും അംഗീകരിച്ചതായി സർക്കാർ പറഞ്ഞിരുന്നു. എന്നാൽ വാക്കാലുള്ള അറിയിപ്പിന് പുറമെ ഇത് സംബന്ധിച്ചുള്ള ഔദ്യോഗികമായ നിർദേശം നൽകണമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. ഇവ എഴുതി നൽകുകയോ ഔദ്യോഗികമായ അറിയിപ്പുകൾ പുറപ്പെടുവിക്കുകയോ ചെയ്യാത്തതിനാൽ സമരം തുടരുമെന്നും ജോലിയിൽ തിരികെ പ്രവേശിക്കില്ലെന്നുമാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.
ചർച്ചയിൽ ഉറപ്പ് നൽകിയതുപോലെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ സുരക്ഷ സംബന്ധിച്ച് എത്രയും വേഗം രേഖാമൂലമുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്നാണ് ഡോക്ടർമാരുടെ പ്രധാന ആവശ്യം. രേഖാമൂലമുളള മിനിറ്റ്‌സ് കൈമാറാൻ സർക്കാർ വിസമ്മതിച്ചുവെന്നും, അവരുടെ ഈ നിലപാടിൽ നിരാശയുണ്ടെന്നും ഡോക്ടർമാർ പറയുന്നു. ആവശ്യങ്ങളിൽ ഭൂരിഭാഗവും അംഗീകരിച്ചുവെന്നാണ് സർക്കാർ വാക്കാൽ പറയുന്നത്. എന്നാൽ രേഖാമൂലമുള്ള ഒരു ഉറപ്പാണ് ആവശ്യപ്പെടുന്നതെന്നും അല്ലാത്ത പക്ഷം തിരികെ ജോലിയിൽ പ്രവേശിക്കില്ലെന്നും ഇവർ വ്യക്തമാക്കി.
30 ഡോക്ടർമാരുടെ പ്രതിനിധി സംഘമാണ് ചീഫ് സെക്രട്ടറി മനോജ് പന്തുമായി കൂടിക്കാഴ്ച നടത്തിയത്. സെക്രട്ടറിയേറ്റിൽ നടന്ന ചർച്ച രണ്ട് മണിക്കൂറിലധികം സമയമാണ് നീണ്ടത്. യോഗത്തിന്റെ മിനിറ്റ്‌സ് രേഖപ്പെടുത്തണമെന്ന ആവശ്യപ്പെട്ട് ആദ്യഘട്ട ചർച്ചയിലും, ഇക്കുറിയും ഡോക്ടർമാർക്കൊപ്പം സ്റ്റെനോഗ്രാഫർമാരും എത്തിയിരുന്നു. ആശുപത്രികളിലെ സുരക്ഷാ വീഴ്ച പരിഹരിക്കുന്നതിന് ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാലിതിൽ വ്യക്തതയില്ല. തങ്ങളുടെ ആവശ്യങ്ങൾ ന്യായമാണെന്നും, സംസ്ഥാനസർക്കാർ ഇത് അംഗീകരിക്കണമെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടി.