ന്യൂഡൽഹി: ഭാരതത്തിന്റെ സ്വന്തം ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ് സ്റ്റേഷന്റെ ആദ്യത്തെ മെഡ്യൂൾ 2028-ഓടെ വിക്ഷേപിക്കുമെന്ന് ഇസ്രോ ചെയർമാൻ എസ്. സോമനാഥ്. ചന്ദ്രനിലേക്ക് പോയി തിരികെ എത്താനുമാകും ചന്ദ്രയാൻ-4 ദൗത്യം പ്രാഥമികമായി ലക്ഷ്യമിടുന്നതെന്നും ഇതിനായുള്ള സാങ്കേതികവിദ്യ പ്രാപ്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുൻ ദൗത്യങ്ങളെ അപേക്ഷിച്ച് തിരികെ എത്തിക്കുന്നതാണ് നാലാം ചാന്ദ്രദൗത്യത്തെ വ്യത്യസ്തമാക്കുന്നത്. ചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങാനുള്ള കഴിവും മികവും മൂന്നാം ദൗത്യത്തിലൂടെ ഇന്ത്യ തെളിയിച്ച് കഴിഞ്ഞു. 2040-ഓടെ ഭാരതീയനെ ബഹിരാകാശത്തേക്ക് അയക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. അതിനായി ആദ്യം വേണ്ടത് ആത്മവിശ്വാസമാണ്. അതിലേക്കുള്ള ചുവടുവെപ്പാകും ചന്ദ്രയാൻ- 4, ഗഗൻയാൻ ദൗത്യങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഐഎസ്ആർഒ ചെയർമാൻ.
ഭാരതീയ അന്തരീക്ഷ് സ്റ്റേഷന്റെ ആദ്യ മെഡ്യൂളായ ബിഎഎസ്-1 വികസിപ്പിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും ആവശ്യമായ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനും ദൗത്യങ്ങൾ ഏറ്റെടുക്കുന്നതിനും പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. ബിഎഎസ്, മുൻ ദൗത്യങ്ങൾ എന്നിവയുടെ വികാസം ഉൾപ്പടെ കണക്കിലെടുത്ത് ഗഗൻയാൻ ദൗത്യം പുനഃരവലോകനം ചെയ്യും. എട്ട് ദൗത്യങ്ങൾക്കൊടുവിലാകും ബിഎഎസ്-1 ന്റെ വിക്ഷേപണമെന്നും എസ്. സോമനാഥ് വ്യക്തമാക്കി. 2035-ഓടെ ഭാരതീയ അന്തരീക്ഷ് സ്റ്റേൽൻ പ്രവർത്തനക്ഷമമാകുമെന്നും 2040-ഓടെ ചന്ദ്രനിൽ മനുഷ്യനെ എത്തിക്കാൻ സാധിക്കുമെന്നാണ് ഇസ്രോയുടെ പ്രതീക്ഷ.