ബഹിരാകാശ മേഖലയിൽ ഇന്ത്യയെ കൂടുതൽ സ്വയം പര്യാപ്തമാക്കാൻ ചന്ദ്രയാൻ-4 ദൗത്യത്തിന് സാധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നൂതാനാശയങ്ങൾ പ്രോത്സാഹിപ്പിക്കാനും അക്കാദമിക് മേഖലയെ പിന്തുണയ്‌ക്കാനും ദൗത്യത്തിനാകുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. ചന്ദ്രയാൻ-4 ദൗത്യത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം ലഭിച്ചതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ചന്ദ്രിനിലിറങ്ങി കല്ലും പാറക്കഷ്ണങ്ങളും ഉൾപ്പടെയുള്ളവ ശേഖരിച്ച് അവ തിരികെ ഭൂമിയിലെത്തിക്കുകയാണ് ചന്ദ്രയാൻ-4 ദൗത്യം ലക്ഷ്യമിടുന്നത്. 2,104.06 കോടിയുടേതാണ് ചന്ദ്രയാൻ 4 ദൗത്യം. 36 മാസത്തിനകം പദ്ധതി പൂർത്തിയാക്കാനാണ് ഇസ്രോ ലക്ഷ്യമിടുന്നത്.
തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യയാകും ഇതിനായി ഉപയോഗിക്കുക. ചാന്ദ്ര ഭ്രമണപഥത്തിൽ ഡോക്കിംഗും അൺഡോക്കിംഗും, സുരക്ഷിതമായ തിരിച്ചുവരവ്, ചാന്ദ്ര സാമ്പിൾ ശേഖരണവും വിശകലനവും ഉൾപ്പെടെ ഭാവിയിലെ ചാന്ദ്ര ദൗത്യങ്ങൾക്ക് ആവശ്യമായ പ്രധാന സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിലും പ്രദർശിപ്പിക്കുന്നതിലും പുതിയ ദൗത്യം ശ്രദ്ധ കേന്ദ്രീകരിക്കും.















