മുംബൈ: പൂനെയിലെ ഏണസ്റ്റ് ആന്റ് യങ് ഇന്ത്യയിലെ ജീവനക്കാരി അമിത ജോലി ഭാരം മൂലം മരിച്ച സംഭവത്തിൽ ഒടുവിൽ പ്രതികരണവുമായി കമ്പനി അധികൃതർ. സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന മലയാളിയായ അന്ന സെബാസ്റ്റിയൻ പേരയിലാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. അന്നയുടെ മരണത്തിന് പിന്നാലെ അമ്മ അനിത അഗസ്റ്റിൻ കമ്പനിയിലെ സാഹചര്യങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് ചെയർമാന് അയച്ച കത്ത് സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. ജോലിയുടെ പേരിൽ ജീവനക്കാർക്ക് മേൽ സമ്മർദ്ദം ചെലുത്തുന്ന കമ്പനി നിലപാടുകൾക്കെതിരെ വലിയ രീതിയിൽ വിമർശനങ്ങളും ഉയർന്നിരുന്നു. പിന്നാലെയാണ് അന്നയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് ഇവൈ ഇന്ത്യ പ്രസ്താവന പുറത്തിറക്കിയത്.
അന്നയുടെ മരണത്തിൽ അതിയായ ദു:ഖമുണ്ടെന്നും, ജീവനക്കാർക്ക് ആരോഗ്യപരമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും പ്രസ്താവനയിൽ പറയുന്നു. ” അന്നയുടെ മരണം സ്ഥാപനത്തെ സംബന്ധിച്ച് നികത്താനാകാത്ത നഷ്ടമാണ്. ഞങ്ങൾ അതിൽ അതിയായ ദു:ഖം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളേയും അനുശോചനം അറിയിക്കുകയാണ്. കുടുംബത്തിനുണ്ടായ നഷ്ടം ഒരിക്കലും നികത്താനാകുന്നതല്ല.
എങ്കിൽ പോലും ഞങ്ങളുടെ ഭാഗത്ത് നിന്ന് ചെയ്യാൻ കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്ത് നൽകിയിട്ടുണ്ട്. ഇനിയും അത് തുടരും. കുടുംബം നൽകിയ കത്തിൽ പരാമർശിക്കുന്ന വിഷയത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. എല്ലാ ജീവനക്കാർക്കും ഞങ്ങൾ പ്രാധാന്യം നൽകുന്നുണ്ട്. ഇവൈ ഇന്ത്യയുടെ ഭാഗമായി ഇന്ത്യയിലുടനീളം ജോലി ചെയ്യുന്ന ഒരുലക്ഷത്തിലധികം ജീവനക്കാർക്ക് അവരുടെ തൊഴിലിടത്തെ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ കണ്ടെത്തുമെന്നും, ആരോഗ്യകരമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുമെന്നും” കമ്പനിയുടെ കുറിപ്പിൽ പറയുന്നു.
മകളുടെ മരണത്തിന് കാരണമായത് കമ്പനിയിലെ അമിതമായ ജോലിഭാരവും അനാരോഗ്യകരവുമായ തൊഴിൽ അന്തരീക്ഷവുമാണെന്ന് ഇവൈ ഇന്ത്യ ചെയർമാൻ രാജീവ് മേമനിക്ക് അയച്ച കത്തിൽ അനിത ആരോപിച്ചിരുന്നു.സംഭവശേഷം നാല് മാസത്തോളമായി കമ്പനി തുടരുന്ന മനോഭാവത്തെയും ഇവർ കുറ്റപ്പെടുത്തുന്നു. മകൾ മരിച്ചിട്ട് കമ്പനിയിൽ നിന്ന് ഒരാൾ പോലും സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്തില്ലെന്നും ഇവർ ചൂണ്ടിക്കാട്ടി. മാർച്ചിലാണ് അന്ന ഇവൈ ഇന്ത്യയുടെ ഭാഗമാകുന്നത്. നാല് മാസത്തിനിപ്പുറം ജൂലൈയിൽ അന്നയുടെ മരണം സംഭവിക്കുകയായിരുന്നു. പൂനെയിൽ ഇവൈ ഗ്ലോബലിന്റെ സഹസ്ഥാപനമായ എസ്ആർ ബാറ്റ്ലിബോയിയിലെ ഓഡിറ്റ് ടീമിന്റെ ഭാഗമായിരുന്നു അന്ന.















