കൊൽക്കത്ത: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വെള്ളപ്പൊക്കം മൂലം ദുരിതങ്ങൾ രൂക്ഷമായതിന് പിന്നാലെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാനത്തെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. മമത ബാനർജി സമ്പൂർണ പരാജയമാണെന്ന് ഈ സാഹചര്യത്തിൽ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണെന്നും സുവേന്ദു അധികാരി പരിഹസിച്ചു.
സ്വന്തം തെറ്റുകൾ മറച്ചുവച്ചുകൊണ്ട് മറ്റുള്ളവർക്ക് മേൽ പഴിചാരുന്ന രീതിയാണ് എപ്പോഴും മമതയ്‌ക്കുള്ളതെന്നും സുവേന്ദു അധികാരി പറയുന്നു. ” മനുഷ്യ നിർമ്മിത പ്രളയമാണെന്നാണ് മമത തുടർച്ചയായി പറഞ്ഞു കൊണ്ടിരിക്കുന്നത്. ബംഗാളിലെ വെള്ളപ്പൊക്കത്തിന് കേന്ദ്ര സർക്കാരിനേയും ജാർഖണ്ഡ് സർക്കാരിനേയുമാണ് അവർ പഴിക്കുന്നത്. എന്നാൽ മമതയുടെ ജലവിഭവശേഷി വകുപ്പ് തീർത്തും പരാജയമാണ്.
മഴക്കാലത്തിന് മുൻപ് സ്വീകരിക്കേണ്ട യാതൊരു വിധ പ്രതിരോധ നടപടികളും അവർ സ്വീകരിച്ചിട്ടില്ല. അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. വെള്ളപ്പൊക്കത്തെ പ്രതിരോധിക്കുന്നതിനുളള നടപടികൾ സ്വീകരിക്കുന്നതിനും, നദീതീരങ്ങളിൽ വെള്ളപ്പൊക്ക സാധ്യതകൾ കുറയ്‌ക്കുന്നതിനും, ജലസംഭരണികൾ നിർമ്മിക്കുന്നതിനും, അരുവികളുടെ പുനരുദ്ധാരണത്തിനുമെല്ലാമായി സംസ്ഥാന സർക്കാരിന് ലോകബാങ്ക് 5000 കോടി രൂപയുടെ ലോണാണ് അനുവദിച്ചത്. ഇതിൽ 75 ശതമാനവും ചെലവഴിച്ചു കഴിഞ്ഞു. എന്നിട്ടും എന്ത് പ്രയോജനമാണ് ഉണ്ടായിരിക്കുന്നത്.
ഓരോ തവണയും വെള്ളപ്പൊക്കമുണ്ടാകുന്ന സ്ഥലങ്ങളിലേക്ക് 50ഓളം വാഹനവ്യൂഹങ്ങളുടെ അകമ്പടിയുമായെത്തി അവിടെ നിന്ന് ഫോട്ടോ എടുക്കും. എന്നിട്ട് മറ്റുള്ളവരെ കുറ്റപ്പെടുത്തും. സാധാരണക്കാർ നേരിടുന്ന ദുരന്തങ്ങളെ പോലും രാഷ്‌ട്രീയം കളിക്കാനുള്ള തരംതാഴ്ന്ന വേദിയായിട്ടാണ് നിങ്ങൾ കാണുന്നത്. ജനങ്ങൾ നിങ്ങളുടെ പിആർ പരിപാടികളിൽ മടുത്തിരിക്കുകയാണ്. ദുരിതം നേരിടുന്നവരെ സഹായിക്കാനുള്ള നടപടികൾ തേടുകയാണ് അത്യാവശ്യമായി ചെയ്യേണ്ടത്. സൈന്യത്തിന്റേയും എൻഡിആർഎഫിന്റേയും സഹായം തേടണം. കുടിവെള്ളവും ഭക്ഷണവും വസ്ത്രവും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യണം. അല്ലാതെ ഈ സമയത്തും നിങ്ങൾക്ക് ഫോട്ടോ സെഷൻ നടത്തുന്നതിന് വേണ്ടി സർക്കാർ ഉദ്യോഗസ്ഥരെ ഉപയോഗിക്കുന്നത് നിർത്തുക. അവരെ അവരുടെ ജോലി ചെയ്യാൻ അനുവദിക്കണമെന്നും” സുവേന്ദു അധികാരി പറഞ്ഞു.















