ദീപാവലി ഉത്സവ സീസണോടനുബന്ധിച്ച് ഓഫറുമായി ജിയോ. ഇത്തവണ ജിയോ ഫൈബർ ഉപയോക്താക്കൾക്കാണ് ധമാക്കാ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബർ 18 മുതൽ നവംബർ മൂന്ന് വരെയുള്ള കാലയളവിൽ ഏതെങ്കിലും റിലയൻസ് ഡിജിറ്റൽ സ്റ്റോറിൽ നിന്ന് 20,000 രൂപയ്ക്കോ, അതിൽ കൂടുതലോ രൂപയ്ക്ക് സാധനങ്ങൾ വാങ്ങുന്നവർക്ക് ഒരു വർഷം ജിയോ എയർ ഫൈബർ സബ്സ്ക്രിപ്ഷൻ സൗജന്യമായി ലഭിക്കും.
സ്മാർട്ട്ഫോണുകൾ, സ്മാർട്ട് ടിവികൾ അല്ലെങ്കിൽ മറ്റേതെങ്കിലും ഗൃഹോപകരണങ്ങൾ വാങ്ങുന്നവർക്ക് ഈ ഓഫർ സ്വന്തമാക്കാം. 2024 നവംബർ മുതൽ 2025 ഒക്ടോബർ വരെ ഇതിന് സാധുതയുണ്ടാകും. നിലവിലുള്ള ജിയോ എയർഫൈബർ ഉപഭോക്താക്കൾക്ക് 2,222 രൂപയുടെ മൂന്ന് മാസത്തെ ദീപാവലി പ്ലാൻ റീച്ചാർജ് ചെയ്താൽ ഒരു വർഷത്തെ സൗജന്യ സേവനം ലഭിക്കും. ജിയോ ഫൈബർ ഉപഭോക്താക്കൾക്കും ഇതേ പ്ലാൻ റീചാർജ് ചെയ്താൽ ഓഫർ ലഭിക്കുന്നതാണ്.
12 പ്രതിമാസ റീചാർജ് കൂപ്പണുകളാകും ലഭിക്കുക. ജിയോ ഫൈബർ പ്ലാനിന്റെ അതേ മൂല്യമുള്ള ഈ കൂപ്പണുകൾ റിലയൻസ് ഡിജിറ്റൽ, മൈ ജിയോ, ജിയോ പോയിൻ്റ്, ജിയോമാർട്ട് ഡിജിറ്റൽ എക്സ്ലൂസീവ് സ്റ്റോർ എന്നിവിടങ്ങളിൽ റിഡീം ചെയ്യാം. എന്നാൽ കൂപ്പൺ ഉപയോഗിക്കണമെങ്കിൽ ഓരോ കൂപ്പണും ലഭിച്ച് 30 ദിവസത്തിനുള്ളിൽ 15000 രൂപയോ അതിൽ കൂടുതലോ രൂപയുടെ ഇലക്ട്രേണിക്സ് ഉത്പന്നങ്ങൾ വാങ്ങണം.