ഗുരുവായൂർ: ഗുരുവായൂരിൽ നിന്ന് പൂജാ വിധികൾ പഠിച്ച്, ഗുരുവായൂരപ്പന്റെ മേൽശാന്തിയാകാനുള്ള അപൂർവ്വ നിയോഗവുമായി പുതുമന ശ്രീജിത്ത് നമ്പൂതിരി. തൃശൂർ വെള്ളാറക്കാട്ടുകാരനാണെങ്കിലും ശ്രീജിത്ത് നമ്പൂതിരി പൂജവിധികൾ അഭ്യസിച്ചത് ഗുരുവായൂരിൽ നിന്നായിരുന്നു.
മുത്തച്ഛൻ ശിവദാസൻ നമ്പൂതിരിയായിരുന്നു ആദ്യഗുരു. പിന്നീട് കൂടുതൽ പൂജാവിധികൾ സ്വായത്തമാക്കാനായി ഗുരുവായൂർ ക്ഷേത്രം ഓതിക്കൻ പൊട്ടക്കുഴി നാരായണൻ നമ്പൂതിരി, മുൻ മേൽശാന്തി സുമേഷ് നമ്പൂതിരി എന്നിവരുടെ ശിഷ്യനായി. വർഷങ്ങളോളം ഇവർക്കൊപ്പമായിരുന്നു ശ്രീജിത്ത് നമ്പൂതിരി.
നറുക്കെടുപ്പിന് സാക്ഷ്യം വഹിക്കാൻ കൂടിനിന്നവരുടെ കൂട്ടത്തിൽ ശ്രീജിത്ത് നമ്പൂതിരിയും ഉണ്ടായിരുന്നു. തന്റെ പേര് വിളിച്ചതോടെ അദ്ദേഹം ഓടിച്ചെന്ന് ഗുരുവായൂരപ്പനെ വണങ്ങുകയും ചെയ്തു. മേൽശാന്തിയായി ശിഷ്യൻ തിരഞ്ഞെടുക്കപ്പെട്ടു എന്നറിഞ്ഞതോടെ സുമേഷ് നമ്പൂതിരി നാലമ്പലത്ത് വച്ച തന്നെ പൊട്ടിക്കരഞ്ഞു. തുടർന്ന് ഗുരു തന്നെയാണ് ശിഷ്യനെ തന്ത്രി മഠത്തിലേക്ക് കൊണ്ടു പോയത്. ഇത് എട്ടാം തവണയാണ് ശ്രീജിത്ത് നമ്പൂതിരി അപേക്ഷ നൽകുന്നത്.
പുതുമന പരമേശ്വരൻ നമ്പൂതിരിയുടെയും ആലമ്പള്ളി സാവിത്രി അന്തർജ്ജനത്തിന്റെയും മകനാണ് 36 കാരൻ. 16 വർഷമായി വേലൂർ കുറൂരമ്മ ക്ഷേത്രത്തിലെ മേൽശാന്തിയാണ്. പുതുരുത്തി കൃഷ്ണശ്രീയാണ് ഭാര്യ. ആരാധ്യ, ഋഗ്വേദ് എന്നിവർ മക്കളാണ്.















