ഒട്ടാവ: വിദേശ വിദ്യാർത്ഥികൾക്കുള്ള പെർമിറ്റുകൾ വെട്ടിക്കുറയ്‌ക്കാൻ ഒരുങ്ങി കാനഡ. രാജ്യത്തെ താൽകാലിക താമസക്കാരുടെ എണ്ണം കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം.
ഈ വർഷം അന്താരാഷ്‌ട്ര വിദ്യാർത്ഥി പെർമിറ്റുകളിൽ 35 ശതമാനം കുറവ് വരുത്തുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. 2025 ൽ വീണ്ടും 10 ശതമാനം കൂടി കുറയ്‌ക്കും. കുടിയേറ്റം സമ്പദ്‌വ്യവസ്ഥയ്‌ക്ക് നേട്ടമാണ്. എന്നാൽ ഇത് വിദ്യാർത്ഥികൾ ദുരുപയോഗം ചെയ്യുന്നുണ്ട്. അത് രാജ്യത്തിന് തിരിച്ചടിയാണ് ട്രൂഡോ വിശദീകരിച്ചു.
2023-ൽ 5,09,390 വിദേശ വിദ്യാർത്ഥികൾക്കാണ് പെർമിറ്റ് നൽകിയത്. 2025-ഓടെ 4,37,000 ആയി കുറയ്‌ക്കാനാണ് കാനഡയുടെ പദ്ധതി. രാജ്യത്തെ വിദേശ തൊഴിലാളികൾക്കുള്ള നിയമങ്ങളും കർശനമാക്കാൻ കാനഡ ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്.
2025 ഒക്‌ടോബറിനുശേഷം നടക്കാനിരിക്കുന്ന ഫെഡറൽ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ട്രൂഡോയുടെ നീക്കം. ട്രൂഡോയുടെ നേതൃത്വത്തിലുള്ള ലിബറൽ ഗവൺമെന്റ് അഭിപ്രായ സർവേകളിൽ പിന്നോക്കം പോയിരുന്നു. ഇതിന് പിന്നാലെയണ് തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. താൽക്കാലിക താമസക്കാരുടെ എണ്ണം കാനഡയിലെ മൊത്തം ജനസംഖ്യയുടെ 5% ആയി കുറയ്‌ക്കാൻ ട്രൂഡോ ഭരണകൂടത്തിന്റെ തീരുമാനം.