പുതിയ അത്യാഡംബര സ്വകാര്യ ജെറ്റ് സ്വന്തമാക്കി റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും മുകേഷ് അംബാനി. ബോയിംഗ് 737 MAX 9 വിമാനമാണ് ബിസിനസ് യാത്രയ്‌ക്കായി വാങ്ങിയത്. ഈ ജെറ്റിന്റെ മൂല്യം ഏകദേശം 1,000 കോടി രൂപയാണ്. ഇതോടെ ഇന്ത്യയിലെ എറ്റവും വില കൂടിയ സ്വകാര്യ ജെറ്റിന്റെ ഉടമയായി മുകേഷ് അംബാനി മാറി.
2023 ഏപ്രിൽ 13നാണ് ജെറ്റിന്റെ നിർമാണം ആരംഭിച്ചത്. 2024 ഓഗസ്റ്റ് 27 ന് 9 മണിക്കൂറിലധികം നീണ്ട യാത്രയും 6,234 കിലോമീറ്റർ ദൂരവും പിന്നിട്ട് വിമാനം ഇന്ത്യയിൽ എത്തി. ഡബിൾ എഞ്ചിൻ വിമാനത്തിന് ബോയിങ്ങിന്റെ റെൻ്റൺ പ്രൊഡക്ഷൻ പ്ലാൻ്റിലാണ് നിർമ്മിച്ചിരിക്കുന്നത്. കൊട്ടാര സമാനമായ ഇന്റീരിയറിന് മാത്രം നൂറുകോടിയിലധികം ചെലവായി.
നിലവിൽ ഡൽഹി എയർപോർട്ടിലെ കാർഗോ ടെർമിനലിന് സമീപമുള്ള മെയിൻ്റനൻസ് ഏപ്രണിലാണ് ജെറ്റ് പാർക്ക് ചെയ്തിരിക്കുന്നത്. റിലയൻസിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന മുംബൈയിലേക്ക് വിമാനം മാറ്റുമെന്നാണ് റിപ്പോർട്ട്.
നിലവിൽ 10 സ്വകാര്യ ജെറ്റുകൾ മുകേഷ് അംബാനിക്കുണ്ട്. 18 വർഷത്തിലേറെയായി സർവീസ് നടത്തുന്ന എയർബസ് എ 319 എസിജെയും രണ്ട് ബൊംബാർഡിയർ ഗ്ലോബൽ 5000 ജെറ്റുകളും ഈ ശേഖരത്തിലുണ്ട്. ചെറിയ റൂട്ടുകൾക്കായി രണ്ട് ഹെലികോപ്റ്ററുകളും റിലയൻസ് ഇൻഡസ്ട്രീസ് സ്വന്തമാക്കിയിട്ടുണ്ട്.