മുൻനിര തകർന്ന ഇന്ത്യയുടെ ബാറ്റിംഗ് നിരയെ രവീന്ദ്ര ജഡേജയ്‌ക്കൊപ്പം തോളേറ്റി ഓൾറൗണ്ടർ രവിചന്ദ്രൻ അശ്വിൻ. ടെസ്റ്റിൽ ആറാമത്തെ സെഞ്ചുറി കുറിച്ചാണ് ഇന്ത്യൻ ബാറ്റിംഗ് നിരയെ അശ്വിൻ മുന്നിൽ നിന്ന് നയിച്ചത്. ഇതിഹാസ താരങ്ങളായ ധോണിയുടെയും മൻസൂർ അലി ഖാൻ പട്ടൗഡിയുടെയും ടെസ്റ്റ് സെഞ്ചുറികളുടെ എണ്ണത്തിനൊപ്പം എത്താൻ അശ്വിനായി.
ഇന്ത്യ 144/6 എന്ന നിലയിൽ പരുങ്ങുമ്പോഴാണ് അശ്വിനും ജഡേജയും ക്രീസിൽ ഒന്നിക്കുന്നത്. ഏഴാം വിക്കറ്റിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യൻ താരങ്ങളുടെ ഏറ്റവും മികച്ച പാർടണർഷിപ്പും ഇന്ന് ചെപ്പോക്കിൽ പിറന്നു. 2000 ൽ ഗാംഗുലി-സുനിൽ ജോഷി ജോഡി നേടിയ 121 റൺസിന്റെ റെക്കോർഡാണ് 24 വർഷങ്ങക്ക് ശേഷം പഴങ്കഥയായത്.
ഏഴാം വിക്കറ്റിൽ പിരിയാതെ 195 റൺസാണ് ഇതുവരെ ജഡേജയും അശ്വിനും കൂട്ടിച്ചേർത്തത്. 108 പന്തിലാണ് അശ്വിൻ സെഞ്ചുറി പൂർത്തിയാക്കിയത്. ധോണിയും അശ്വിനും 144-ാം ഇന്നിംഗ്സിലാണ് ആറാം സെഞ്ചുറി പൂർത്തിയാക്കിയതെന്ന മറ്റൊരു കൗതുകവുമുണ്ട്. 80 ഓവറുകൾ പൂർത്തിയാകുമ്പോൾ 339/6 എന്ന നിലയിലാണ് ഇന്ത്യ. 102 റൺസുമായി അശ്വിനും 86 റൺസുമായി ജഡേജയുമാണ് ക്രീസിൽ.
ഇന്ത്യൻ മുൻനിരയിൽ 56 റൺസ് നേടിയ യശസ്വി ജയ്സ്വാൾ മാത്രമാണ് അല്പമെങ്കിലും പിടിച്ചു നിന്നത്. രോഹിത് ശർമ (6), വിരാട് കോലി (6), ശുഭ്മാൻ ഗിൽ(0), കെ.എൽ രാഹുൽ(16), ഋഷഭ് പന്ത് (39) എന്നിവരാണ് പുറത്തായ താരങ്ങൾ. നാലു വിക്കറ്റ് നേടിയ ഹസൻ മഹ്മൂദ് ആണ് ബംഗ്ലാദേശ് നിരയിൽ തിളങ്ങിയത്.