മലപ്പുറം: ജില്ലയിൽ 7 പേർക്ക് നിപ രോഗലക്ഷണങ്ങളെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കഴിഞ്ഞ ദിവസം നിപ ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിൽ 267 പേരുണ്ടെന്നും ഇതിൽ 37 സാമ്പിളുകൾ നെഗറ്റീവായതായും മന്ത്രി പറഞ്ഞു. മറ്റുള്ളവരുടെ സാമ്പിളുകൾ വിശദ പരിശോധനകൾക്കയയ്‌ക്കും. സംഭവത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രത പാലിക്കണമെന്നും വീണാ ജോർജ് വ്യക്തമാക്കി.
ഇന്നലെ യുഎഇയിൽ നിന്നും മലപ്പുറത്തെത്തിയ 38കാരന് എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തിലും ജാഗ്രത പാലിക്കണമെന്ന് മന്ത്രി പറഞ്ഞു. ഇയാളുടെ സമ്പർക്ക പട്ടികയിൽ 23 പേരാണുള്ളത്. ഇവരുടെ സാമ്പിളുകളെടുത്ത് പരിശോധന നടത്തുമെന്നും പട്ടികയിലുള്ളവർ മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കണമെന്നും വീണാ ജോർജ് നിർദേശിച്ചു.
നിലവിൽ എംപോക്‌സ് സ്ഥിരീകരിച്ച 38കാരന്റെ ആരോഗ്യ നില തൃപ്തികരമാണ്. ഇദ്ദേഹത്തിന്റെ റൂട്ട് മാപ്പ് വൈകാതെ പുറത്തുവിടുമെന്നും മന്ത്രി അറിയിച്ചു.















