കോഴിക്കോട്: കൂട്ടിൽ കയറി തെരുവുനായകൾ മൂന്ന് ആടുകളെ കടിച്ചുകൊന്നു. കോഴിക്കോട് പേരാമ്പ്രയിലാണ് സംഭവം. പന്തിരിക്കര സ്വദേശി സൂപ്പിയുടെ വീട്ടിലെ ആടുകളെയാണ് തെരുവുനായകൾ ആക്രമിച്ചത്. സംഭവത്തിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തി.
കൂട്ടിൽ കയറിയ തെരുവുനായകൾ തള്ളയാടിനെയും രണ്ട് കുട്ടികളെയും കൊല്ലുകയായിരുന്നു. ഒരു ആട്ടിൻ കുട്ടിയെ പകുതി ഭക്ഷിച്ച നിലയിലാണ്. പന്തിരിക്കരയിലും സമീപപ്രദേശങ്ങളിലും ഇത്തരത്തിൽ അലഞ്ഞുതിരിഞ്ഞ് തെരുവുനായകൾ കൂട്ടത്തോടെ നടക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.
സംഭവത്തിൽ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയതായി ആടുകളുടെ ഉടമ സൂപ്പി പറഞ്ഞു. എന്നാൽ അക്രമകാരികളായ തെരുവുനായ്‌ക്കളെ പിടികൂടുന്നതിൽ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടികളുണ്ടാവുന്നില്ലെന്നും പ്രദേശവാസികൾ കുറ്റപ്പെടുത്തി.















