തൃശൂർ: കരുവന്നൂർ ബാങ്കിൽ നിന്നും ബന്ധുക്കളുടെ നിഷേപ തുക തിരികെ ലഭിക്കാത്തതിൽ പ്രതിഷേധം. മാപ്രാണം സ്വദേശി ജോഷിയാണ് ബാങ്കിന് മുന്നിൽ വസ്ത്രം ഉരിഞ്ഞ് പ്രതിഷേധിച്ചത്. മന്ത്രിമാരായ ആർ ബിന്ദുവിനും വി.എൻ വാസവനും കത്തുകൾ നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന് ജോഷി പറഞ്ഞു.
ഇന്ന് രാവിലെയാണ് നിക്ഷേപ തുക ആവശ്യപ്പെട്ട് ജോഷി ബാങ്കിനെ സമീപിച്ചത്. തുടർന്ന് ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ശ്രീകാന്ത്, മോഹൻദാസ് എന്നിവരുമായി ജോഷി സംസാരിച്ചിരുന്നു. എന്നാൽ ബന്ധുക്കളുടെ നിക്ഷേപ തുകയായ 60 ലക്ഷം രൂപ ഒരുമിച്ച് നൽകാനാകില്ലെന്ന മറുപടിയാണ് ബാങ്ക് നൽകിയത്. ഇതോടെ മേൽ വസ്ത്രം അഴിച്ച് ജോഷി ബാങ്കിന് മുന്നിൽ പ്രതിഷേധം നടത്തുകയായിരുന്നു.
ജോഷിയുടെ പേരിലുള്ള 28 ലക്ഷം രൂപ തിരികെ നൽകിയെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി. എന്നാൽ തന്റെ ഭാര്യയുടെയും ഭാര്യാമാതാവിന്റെയും പേരിലുള്ള 60 ലക്ഷം രൂപ ബാങ്ക് നൽകുന്നില്ലെന്ന് ജോഷി വ്യക്തമാക്കി. നിക്ഷേപ തുക തിരികെ നൽകാത്തതിനാൽ മുമ്പും വേറിട്ട പ്രതിഷേധവുമായി ജോഷി രംഗത്തെത്തിയിരുന്നു.