എറണാകുളം: അടുത്തിടെ പുറത്തിറങ്ങിയ ബാഡ് ബോയ്‌സ് സിനിമയ്‌ക്ക് നെഗറ്റീവ് റിവ്യൂ ചെയ്ത വ്‌ളോഗറെ ഭീഷണിപ്പെടുത്തിയതായി പരാതി. ചിത്രത്തിന്റെ നിർമാതാവായ എബ്രഹാം മാത്യു, തന്നെ ഫോണിൽ വിളിച്ച് മോശമായി പെരുമാറിയെന്നും റിവ്യൂ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും വ്‌ളോഗർ പറഞ്ഞു.
റിവ്യൂ യൂട്യൂബിൽ നിന്ന് നീക്കം ചെയ്തില്ലെങ്കിൽ അതിന്റെ ഭവിഷ്യത്ത് അനുഭവിക്കുമെന്നാണ് എബ്രഹാം മാത്യുവിന്റെ ഭീഷണി. തോന്നുന്നത് പോലെ എഴുതിയിടാനല്ല കോടിക്കണക്കിന് കാശ് മുടക്കി സിനിമ എടുത്തതെന്നും റിവ്യൂ നീക്കം ചെയ്തില്ലെങ്കിൽ വിവരമറിയുമെന്നും എബ്രഹാം വ്‌ളോഗറോട് പറയുന്നുണ്ട്. ഇതിന്റെ ഫോൺ റെക്കോർഡിംഗ് ഉൾപ്പെടെ കഴിഞ്ഞ ദിവസം വ്‌ളോഗർ പങ്കുവച്ചിരുന്നു.
ഭീഷണിയെ തുടർന്ന് റിവ്യൂ നീക്കം ചെയ്തതായും ഒരുപാട് കാശുള്ളവരോട് തിരിച്ചൊന്നും പറയാൻ പറ്റില്ലെന്നും പങ്കുവച്ച വീഡിയോയിലൂടെ വ്‌ളോഗർ പറഞ്ഞു. റഹ്‌മാൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു എബ്രഹാം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒമർ ലുലുവിന്റെ സംവിധാനത്തിൽ ഒരുക്കിയ സിനിമയാണ് ബാഡ് ബോയ്‌സ്. ചിത്രത്തിലെ നായികയായ ഷീലു എബ്രഹാം നിർമാതാവായ എബ്രഹാം മാത്യുവിന്റെ ഭാര്യയാണ്.















