തിരുവനന്തപുരം: ഭക്തർ പവിത്രമായി കരുതുന്ന തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് കലർത്തിയെന്ന വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതെന്ന് കുമ്മനം രാജശേഖരൻ. ജഗൻ മോഹൻ റെഡ്ഡി സർക്കാർ ബോധപൂർവ്വമാണ് പവിത്രത കളങ്കപ്പെടുത്തിയത്. ഹൈന്ദവ വിശ്വാസത്തോടും ഭക്തരോടുമുളള വെല്ലുവിളിയാണ് വൈഎസ്ആർ കോൺഗ്രസ് സർക്കാർ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
മതേതര മുഖം മൂടിയണിഞ്ഞ ഭരണകൂടങ്ങൾ ഹൈന്ദവ വിശ്വാസത്തെ തകർക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. ശബരിമലയിൽ വിഷാംശം കലർന്ന അരവണ നൽകിയതും ഇതോടൊപ്പം കൂട്ടി വായിക്കണം. ഹൈന്ദവ വിശ്വാസികളുടെ ആത്മവീര്യം തകർക്കാൻ ആസൂത്രിത നീക്കമാണ് നടന്നു കൊണ്ടിരിക്കുന്നത്. ബാഹ്യശക്തികളടക്കം ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാന സർക്കാർ സമയത്ത് ഇടപെടൽ നടത്താതിരുന്നത് സംഘടിത നീക്കത്തിന്റെ ഭാഗമായിരുന്നു. അത്തരം ശക്തികളെ കണ്ടെത്തണമെന്നും നേരിടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നലെയാണ് വൈഎസ്ആർ കോൺഗ്രസ് സർക്കാരിനെതിരെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡും രംഗത്ത് വന്നത്. തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിൽ ഭക്തർക്ക് പ്രസദമായി നൽകുന്ന ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. പിന്നാലെ രാഷ്‌ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയുള്ള ആരോപണം മാത്രമാണെന്നായിരുന്നു വൈെഎസ്ആർ കോൺഗ്രസിന്റെ ആരോപണം. എന്നാൽ ദേശീയ ക്ഷീരവികസന ബോർഡിന്റെ ലാബ് റിപ്പോർട്ട് പുറത്തുവന്നതോടെ വാദങ്ങളെല്ലാം പൊളിഞ്ഞു. ലഡ്ഡു ഉണ്ടാക്കാനായി ഉപയോഗിക്കുന്ന നെയ്യിൽ പോത്തിന്റെയും പന്നിയുടെയും കൊഴുപ്പും മീൻ എണ്ണയും അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.















